വിജയവാഡ: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആന്ധ്ര പ്രദേശിലെ വൈഎസ്ആർ കോൺഗ്രസിനു വാഗ്ദാനം ചെയ്ത് ബിജെപി. ഇതുസംബന്ധിച്ച് ബിജെപി വക്താവും എംപിയുമായ നരസിംഹ റാവു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമാ ജഗൻ മോഹൻ റെഡ്ഡിയുമായി ചർച്ച നടത്തി. 22 എംപിമാരുണ്ട് വൈഎസ്ആർ കോൺഗ്രസിന്.
അതേസമയം, ബിജെപിയുടെ വാഗ്ദാനം ജഗൻമോഹൻ റെഡ്ഡി സ്വീകരിച്ചിട്ടില്ല. മത ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിളക്കമാർന്ന വിജയമാണ് വൈഎസ്ആർ കോൺഗ്രസ് നേടിയത്.
ഈ സാഹചര്യത്തിൽ ബിജെപിക്ക് പിന്തുണ നൽകിയാൽ മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവർ പാർട്ടിയിൽനിന്ന് അകന്നുപോകുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജഗൻ മോഹൻ റെഡ്ഡി സന്ദർശിച്ചിരുന്നു. പുതിയ കേന്ദ്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെയും നിർദേശപ്രകാരമായിരുന്നു നരസിംഹ റാവു ജഗനുമായി കൂടിക്കാഴ്ച നടത്തിയത്. വൈഎസ്ആർ കോൺഗ്രസിനെ ഒപ്പം കൂട്ടിയാൽ ആന്ധ്രപ്രദേശ് ഉൾക്കൊള്ളുന്ന ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കൂടുതൽ വളരാനാവുമെന്നു മനസിലാക്കിയായിരുന്നു നരേന്ദ്രമോദിയുടെയും അമിത് ഷായുടെ നീക്കം.