ചാവക്കാട്: ബ്ലാങ്ങാട് ബാച്ചിനു സമീപം കുമാരൻപടി കടപ്പുറത്ത് കടലിൽ കാണാതായ മൂന്നാമന്റെ മൃതദേഹവും ഇന്നു രാവിലെ കണ്ടെത്തി. കരിന്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗനാഥന്റെ (19) മൃതദേഹമാണ് രാവിലെ തിരുവത്ര തീരക്കടലിൽ കണ്ടെത്തിയത്.
അതിരാവിലെ തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. ജഗനാഥനോടൊപ്പം തിരയിൽ കുടുങ്ങിയ ചക്കരബാബുരാജിന്റെ മകൻ വിഷ്ണുരാജിന്റെ (18) മൃതദേഹം തിങ്കളാഴ്ച തന്നെ കിട്ടി. വലിയകത്ത് ജനാർദനന്റെ മകൻ ജിഷ്ണു (23)വിന്റെ മൃതദേഹം ഇന്നലെ രാത്രി പത്തോടെ കടപ്പുറത്തെ ബീച്ചിന് പടിഞ്ഞാറു ഭാഗത്ത് കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ കടപ്പുറത്ത് പന്തു കളിക്കുന്നതിനിടയിൽ കടലിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ജഗനാഥൻ തിരയിൽപെട്ടു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അഞ്ചു പേർ തിരയിൽപെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി.
മൂന്നുപേരെ കടൽ കൊണ്ടുപോയി. അതിൽ മൂന്നാമനെയാണ് മൂന്നാംപക്കം കിട്ടിയത്. ഇന്നലെ രാത്രി കിട്ടിയ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. ജഗനാഥന്റെ മൃതദേഹവും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മാതാവ്: സുജാത. സഹോദരിമാർ: സുജിത, സുബിത, സൂര്യ.