തലശേരി: ജഗന്നാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ അമിതമായി മദ്യപിച്ചെത്തിയ 40 പേർ പോലീസ് പിടിയിലായി. ഏഴ് മൊബൈൽ ബാറുകളും പോലീസ് പിടികൂടി. രാഷ്ട്രീയ പാർട്ടികളുടെ ഡ്രസ് കോഡിൽ സംഘമായിട്ടെത്തിയ യുവാക്കളെ പോലീസ് പിടികൂടി ഉത്സവസ്ഥലത്തു നിന്നും തിരിച്ചയച്ചു.
ഉത്സവ സ്ഥലത്തേക്കുള്ള അഞ്ച് റോഡുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനത്തിലെത്തിയ 40 പേർ പിടിയിലായത്. ഇവർക്കെതിരെ കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ വാഹനത്തിൽ മദ്യപിച്ചു കൊണ്ടിരുന്നവരേയും പോലീസ് പൊക്കി.
ഇവർ മദ്യപിക്കാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മദ്യലഹരിയിലെത്തുന്നവരെ നിരീക്ഷിക്കാൻ ഉത്സവ സ്ഥലത്ത് മഫ്ടിയിൽ പോലീസിനെ വിന്യസിച്ചിട്ടുള്ളതായി ടൗൺ സിഐ കെ. ഇ പ്രേമചന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് സംഘർഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
രാഷ്ട്രീയ അക്രമ കേസുകളിലെ പ്രതികളായവരെ പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. എഎസ്പി ചൈത്ര തെരേസ ജോൺ, സിഐമാരായ കെ.ഇ. പ്രേമചന്ദ്രൻ , പ്രദീപൻ കണ്ണിപ്പൊയിൽ എസ്ഐമാരായ എം.അനിൽ, അൻഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.