റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: പ്രിയ അധ്യാപകന്റെ ഓർമയ്ക്കു മുന്നിൽ പുഞ്ചിരിതൂകി നടൻ ജഗതി ശ്രീകുമാർ. മാർ ഈവാനിയോസ് കോളജിലെ മുൻ അധ്യാപകൻ അന്തരിച്ച പ്രഫ.ജയിംസ് എം.സ്റ്റുവർട്ടിന്റെ അനുസ്മരണ സമ്മേളനത്തിലാണ് ഇന്നലെ ജഗതി ശ്രീകുമാർ ചെറുപുഞ്ചിരിയുമായെത്തിയത്.
തൂവെള്ള വേഷമണിഞ്ഞെത്തിയ ജഗതി ശ്രീകുമാറിനെ കൈയടിയോടെയാണ് അദ്ദേഹത്തിന്റെ സഹപാഠികളും സുഹൃത്തുക്കളും വരവേറ്റത്. വീൽചെയറിൽ പ്രഫ.ജയിംസ് എം.സ്റ്റുവർട്ടിന്റെ ചിത്രത്തിനു മുന്നിലെത്തിച്ചപ്പോൾ അദ്ദേഹം തന്റെ പ്രിയ ഗുരുവിനു മുന്നിൽ പ്രണാമം അർപ്പിച്ചു.
പ്രഫ.ജയിംസ് എം.സ്റ്റുവർട്ടിനെക്കുറിച്ച് അദ്ദേഹത്തിന്റെ ശഷ്യനായ അനീഷ് കരിനാട് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം ജഗതി നിർവഹിച്ചു.
മകൻ രാജ്കുമാറിനൊപ്പമാണ് ജഗതി ശ്രീകുമാർ ഇന്നലെ മാർ ഈവാനിയോസ് കോളജ് ഓഡിറ്റോറിയത്തിലെത്തിയത്.എബി ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങ് മുൻ അംബാസിഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വിദ്യഭ്യാസ സാംസ്കാരിക രംഗത്ത് മാർ ഈവാനിയോസ് കോളജിനും പ്രഫ.ജയിംസ് സ്റ്റുവർട്ടിനും നിർണായക സ്വാധീനമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി തനിക്ക് ശന്പളം ലഭിക്കുന്നത് മാർ ഈവാനിയോസ് കോളജിൽ നിന്നാണെന്നും അത് പ്രഫ.ജയിംസ് സ്റ്റുവർട്ട് വഴിയായിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.
ഫാ.ജോഷ്വാ കൊച്ചുവിളയിൽ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ പ്രഥമ പ്രഫ.ജയിംസ് സ്റ്റുവർട്ട് ബെസ്റ്റ് ടീച്ചർ പുരസ്കാരം മുൻ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജാൻസി ജയിംസിന് മലങ്കര കത്തോലിക്കാ സഭ നിയുക്ത സഹായമെത്രാൻ മാത്യു മനക്കരക്കാവിൽ കോർഎപ്പിസ്കോപ്പ സമ്മാനിച്ചു.
പ്രഫ.ജയിംസ് സ്റ്റുവർട്ട് ചികിത്സാ സഹായം മോണ്.ഡോ.വർക്കി ആറ്റുപുറത്ത് സ്നേഹവീട് ഡയറക്ടർ ഫാ.ജോഷ്വാ കന്നിലേത്തിനു കൈമാറി.
സെന്റ് ഗോരോത്തി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സഹായം ഫാ.ഏബ്രഹാം മുരുപ്പേൽ കൈമാറി.മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ് അധ്യക്ഷനായിരുന്നു.
മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, ഡോ. ജോർജ് ഓണക്കൂർ, പോണ് മണലിൽ, ഡോ.ജിജി മോൻ കെ.തോമസ്, ഡോ.സ്റ്റീഫൻ ദേവസേനൻ, നിർമല ജോസഫ്, ഡോ.അനിത കുമാരി, ഇ.എം.നജീബ് തുടങ്ങിയവർ പങ്കെടുത്തു.
പ്രഫ.ജയിംസ് സ്റ്റുവർട്ടിന്റെ മകളും മാർ ഈവാനിയോസ് കോളജ് വൈസ് പ്രിൻസിപ്പലുമായ ഡോ.ഷിർളി സ്റ്റുവർട്ട് നന്ദി പറഞ്ഞു.
മാർ ഈവാനിയോസ് കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന പ്രഫ.ജയിംസ് എം.സ്റ്റുവർട്ട് കഴിഞ്ഞ വർഷം മേയ് 21ന് ആണ് അന്തരിച്ചത്.
1964 മുതൽ 1996 വരെ മാർ ഈവാനിയോസ് കോളജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 12 വർഷം ഇംഗ്ലീഷ് വകുപ്പ് മേധാവിയും രണ്ടു വർഷം പ്രിൻസിപ്പലുമായിരുന്നു. സർവോദയ സ്കൂളിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.