കൊച്ചി: വാഹനാപകടത്തെത്തുടർന്ന് ഏഴു വർഷത്തോളമായി അഭിനയരംഗത്തുനിന്നു വിട്ടുനിന്ന മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ വീണ്ടും കാമറയ്ക്കു മുന്നിലേക്കു തിരിച്ചെത്തി. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിച്ച പരസ്യ കന്പനിയായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിച്ചത്.
ജഗതിയെ കാമറയിൽ പകർത്തി നടൻ മനോജ് കെ. ജയൻ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. രാജ്കുമാർ, മകൾ പാർവതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ പരസ്യചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരക്കുട്ടികൾക്കൊപ്പമാണ് ജഗതി ചടങ്ങിന് എത്തിയത്.
സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ ജഗതിയുടെ തിരിച്ചുവരവിന് വേഗം കൂടുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്നാണ് വീണ്ടും അഭിനയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജഗതിയുടെ മകൻ രാജ്കുമാർ പറഞ്ഞു.
2012 മാർച്ച് 10ന് കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നീണ്ട ഏഴ് വർഷത്തെ ചികിത്സയ്ക്കു ശേഷമാണ് കാമറയ്ക്കു മുന്നിലേക്കു വീണ്ടും തിരിച്ചുവരുന്നത്.