മലയാള സിനിമാലോകത്തിന് അടുത്ത കാലത്ത് സംഭവിച്ചിട്ടുള്ള വലിയ നഷ്ടമാണ് നടന് ജഗതി ശ്രീകുമാര്‍ എന്ന മലയാളികളുടെ സ്വന്തം അമ്പിളിച്ചേട്ടന്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് സംസാരശേഷി പോലും പൂര്‍ണമായി തിരിച്ചു കിട്ടിയിരുന്നില്ല. എന്നാല്‍ വിദഗ്ധ ചികിത്സകളിലൂടെ അദ്ദേഹത്തെ ആരോഗ്യസ്ഥിതി ഏറെക്കുറെ വീണ്ടെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സാധിച്ചു.
ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതിയിലുണ്ടാവുന്ന ഓരോ പുരോഗമനവും ആളുകള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തത്. ഇപ്പോഴിതാ അത്തരത്തില്‍ സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത മലയാളികള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചിരിക്കുന്നു.
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നു എന്നതാണത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ്’ ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുക.
അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് താരം വീണ്ടും അഭിനയരംഗത്തേയ്ക്കെത്തുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ അച്ഛന്റെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തൃശ്ശൂരിലെ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി ക്യാമറക്ക് മുന്നില്‍ എത്തുന്നത്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ നിര്‍മിക്കുന്ന ആദ്യ പരസ്യചിത്രത്തില്‍ ജഗതിക്കൊപ്പം മകന് രാജ്കുമാര്, മകള്‍ പാര്‍വതി ഷോണ്‍ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ നടന്ന അപകടമാണ് ജഗതിയെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുത്തിയത്. ജഗതി തിരിച്ചു വരുന്നു എന്ന വാര്‍ത്ത നിലവില്‍ സിനിമാ മേഖലയിലെ പ്രമുഖരുള്പ്പെടെയുളളവര് പങ്കുവച്ചിട്ടുണ്ട്.