തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതു വയസ്. വലിയ ആഘോഷങ്ങൾ ഇല്ലാതെ ലളിതമായ രീതിയിലാണ് അദ്ദേഹത്തിന്റെ സപ്തതി ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പേയാടുള്ള വീട്ടിലാണ് സപ്തതി ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് വീട്ടിനുള്ളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജഗതിയുടെ മകനും മകളും ഭാര്യ ശോഭയുമാണ് സന്ദർശകരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സിനിമാ രംഗത്തെ വളരെ ആത്മബന്ധമുള്ള ചില സുഹൃത്തുക്കൾ അദ്ദേഹത്തിനെ നേരിൽ കണ്ട് ആശംസ അർപ്പിക്കാൻ കുടുംബാംഗങ്ങളോട് അനുവാദം തേടിയിട്ടുണ്ട്.
സിനിമാ മേഖലയിലെ മറ്റുള്ളവർ അദ്ദേഹത്തിന് ഫോണിലൂടെ ആശംസകൾ അറിയിക്കും. സിനിമാ രംഗത്തേക്ക് ഈ വർഷം തന്നെ ജഗതി ശ്രീകുമാറിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം.
2012 ൽ തേഞ്ഞിപ്പാലത്തിന് സമീപം വച്ച് നടന്ന വാഹനാപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ എട്ട് വർഷക്കാലമായി വിദഗ്ധ ചികിത്സ നൽകിയതിലൂടെയാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി അഞ്ചിന് തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ചു.
നാടകത്തിലൂടെ സിനിമയിലെത്തിയ ജഗതി ശ്രീകുമാർ 1500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1974ൽ കന്യാകുമാരി എന്ന ചിത്രത്തിൽ ഒരു ടൂറിസ്റ്റിന്റെ വേഷം അഭിനയിച്ച് വെള്ളിത്തിരയിൽ മുഖം കാണിച്ച ജഗതി ശ്രീകുമാർ അടുത്ത വർഷം പുറത്തിറങ്ങിയ ചട്ടന്പിക്കല്യാണി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറി.