കൊച്ചി: എളമക്കര പുതിയറോഡില്‍ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയും ലാപ്ടോപ്പും കവര്‍ന്ന ബിഹാര്‍ സ്വദേശി ജഗാവുള്ള (25)യെ കൊച്ചി സിറ്റി പോലീസ് ഡല്‍ഹിയില്‍നിന്ന് പുറത്തെത്തിച്ചത് അതിസാഹസികമായി.
ആസൂത്രണം ചെയ്തത്
പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മന്‍സിലില്‍ കഴിഞ്ഞ ജനുവരി 30, 31 തീയതികളിലായിരുന്നു കവര്‍ച്ച. ഈ കേസില്‍ പതിനേഴുകാരനായ ബിഹാര്‍ സ്വദേശിയെ പിടികൂടി പോലീസ് ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. കറുകപ്പള്ളിയിലെ ബാഗ് നിര്‍മാണശാലയില്‍ ജഗാവുള്ള ജോലി ചെയ്തിരുന്നു.
ഇവിടെ വച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മന്‍സിലില്‍ നിന്ന് ജനുവരി 30, 31 തീയതികളില്‍ ഒരു ലക്ഷം രൂപയും ഒരു ലാപ്ടോപ്പും കവരുകയായിരുന്നു.
31-നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വീട്ടുടമസ്ഥന്റെ ജോലിക്കാര്‍ കിളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി വന്നപ്പോഴാണ് വാതില്‍ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.
കവര്‍ച്ചക്ക് ശേഷം ജഗാവുള്ള മോഷണ തുക പങ്കു വച്ച് ബംഗളൂരുവിലേയ്ക്ക് രക്ഷപ്പെട്ടു. മുംബൈ വഴി ഡല്‍ഹിയിലെത്തിയ ഇയാള്‍ പഹാര്‍ ഗഞ്ചിലെ നബീകരീം എന്ന തെരുവിലെ ബാഗ് നിര്‍മാണശാലയില്‍ ജോലിയ്ക്ക് കയറി. ഇവിടെ നിന്നാണ് പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്.
ഉത്തരേന്ത്യക്കാരായ കുറ്റവാളികള്‍ കുറ്റകൃത്യം നടത്തിയ ശേഷം ഒളിവില്‍ താമസിക്കുന്ന സ്ഥലങ്ങളാണ് പഹാര്ഗഞ്ചും നബീകരീമും. കഞ്ചാവിന്റെയും മയക്ക്മരുന്ന് വില്പനയുടെയും കേന്ദ്രമായ നബീകരീമിലെ ചേരിയില്‍ മയക്കുമരുന്ന് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനയാണ് പോലീസ് അകത്ത് കയറിയത്.
തുടര്‍ന്ന് രണ്ട് ദിവസം ഇവിടെയുള്ള ബാഗ് നിര്‍മാണ ശാലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതി ഒരു ബാഗ് നിര്‍മാണ ശാലയ്ക്ക് സമീപമുണ്ടെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബീഹാര്‍ സ്വദേശിയെ ചോദ്യം ചെയ്തു.
ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടത്തില്‍ എത്തി അര്‍ധരാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലാപ്ടോപ്പ് കൈമാറി
ഇതറിഞ്ഞ് ജനം സ്ഥലം വളയുന്നതിനിടെ പ്രതിയുമായി പോലീസ് സംഘം ചേരിയ്ക്ക് വെളിയിലെത്തി. കാറും ജീപ്പും സഞ്ചരിക്കാന്‍ സാധിക്കാത്ത ഇടുങ്ങിയ ചേരിയില്‍നിന്ന് പ്രതിയെ മോട്ടോര്‍ ബൈക്കില്‍ നടുക്കിരുത്തിയാണ് പുറത്തെത്തിച്ചത്.
തുടര്‍ന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രി കേരളത്തിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ജഗാവുള്ളയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ലാപ്ടോപ്പ് മറ്റൊരാള്‍ക്ക് കൈമാറിയതായാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
ഇതു സാങ്കേതിക സഹായത്തോടെ കണ്ടെത്തും. മോഷ്ടിച്ച ഒരു ലക്ഷം രൂപ പ്രതികള്‍ മൂന്നായി പങ്കുവച്ചിരുന്നു. ഇത് നിക്ഷേപിച്ചിരിക്കുന്ന സിഡിഎംഎകളില് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. കേസില്‍ കൂട്ടുപ്രതിയായ മറ്റൊരു ബീഹാര്‍ സ്വദേശി കൂടി പിടിയിലാകാനുണ്ട്. ഇയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
എളമക്കര എസ്ഐ രാമു ബാലചന്ദ്രബോസ്, എഎസ്ഐമാരായ വി എ സുബൈര്‍, പി ആര് സീമോന്‍, സിപിഒ സി.വി. മധുസൂദനന് എന്നിവരാണ് ഡല്‍ഹിയിലെത്തി പ്രതിയെ പിടികൂടിയത്.