ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരിൽനിന്നും പാഠങ്ങൾ ആവശ്യമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
\അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജർമനിയും ഐക്യരാഷ്ട്രസഭയും പരാമർശം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്.
ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. നിയമത്തിനുമുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധൻകർ കൂട്ടിച്ചേർത്തു.