പേരൂർക്കട: ടെലിവിഷൻ അവതാരകയും ഗായികയുമായ ജാഗി ജോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കാണുന്നില്ലെന്ന് പേരൂർക്കട പോലീസ് അറിയിച്ചു. അബദ്ധത്തിൽ ഉണ്ടായ വീഴ്ചയിൽ ആകാം മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളൂ എന്നും പോലീസ് വ്യക്തമാക്കി.
അവതാരകയും ബ്യൂട്ടി അഡ്വൈസറുമായ കുറവൻകോണം വിക്രമപുരം ഹിൽ 199ൽ ജാഗി ജോണിനെ (48) ആണ് വീട്ടിലെ അടുക്കളയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. ജാഗിയും അമ്മ ഗ്രേസ് ജോണും മാത്രമാണ് വീട്ടിൽ താമസം.
അടുക്കളയിലാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയിൽ മുറിവുണ്ടെങ്കിലും തലടിയിച്ചു വീണപ്പോൾ സംഭവിച്ചതാകാമെന്നു പോലീസ് കരുതുന്നു. അന്വേഷണത്തിൽ ഇതുവരെ പോലീസിന് അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല. ഇന്നു രാവിലെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.
ജാഗിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കുന്നില്ലെന്ന് കൊച്ചിയിലെ ഒരു സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് ജാഗിയുടെ കുടുംബസുഹൃത്ത് ഇന്നലെ വീട്ടിലെത്തിയിരുന്നു. വാതിൽ തുറക്കാത്തതിനാൽ പോലീസിനെ അറിയിക്കുകയായിരുന്നു. അടുക്കളയിൽ ജാഗി വീണു കിടക്കുന്നത് ജനലിൽ കൂടി കണ്ടതിനെത്തുടർന്ന് പോലീസ് വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.