സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ ബാധിതരുടെ എണ്ണം 14 ആയതോടെ അതീവ ജാഗ്രത തുടരുകയാണ് സംസ്ഥാനം. പത്തനംതിട്ടയിൽ ഏഴു പേർക്കും കോട്ടയത്ത് നാലു പേർക്കും എറണാകുളത്ത് മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരാണ്. ഇവരിൽ 259 പേർ ആശുപത്രിയിലാണ്.
രോഗബാധിതരുമായി സമ്പർക്കത്തിലുളളവരെ കണ്ടെത്താൻ പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങും.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
കോടതികളിലും നിയന്ത്രണം ഏർപ്പെടുത്തി
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ കോടതികളിലും നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് ജില്ലാ ജഡ്ജിയുടെ നിർദേശം.
കോടതികളിലെ മജിസ്ട്രേട്ടുമാർക്കും ജഡ്ജിമാർക്കുമാണ് ഇതു സംബന്ധിച്ചുള്ള നിർദേശം നൽകിയിരിക്കുന്നത്. രോഗബാധ തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശത്തിന്റെ ഭാഗമായാണ് കോടതികളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.