ബോളിവുഡിലെ യുവ നടിമാരിൽ പ്രമുഖ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും നിർമാതാവായ ബോണി കപൂറിന്റെയും മകൾ. ശ്രീദേവിയുടെ മരണശേഷമാണ് താരം കൂടുതലായും സിനിമാരംഗത്ത് സജീവമാകാൻ തുടങ്ങിയത്. ജാൻവിയെ ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സിനിമാരംഗത്ത് നിലനിൽക്കുന്നുണ്ട്.
അതിൽ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകനായ ശിഖാർ പഹാരിയയും താരവുമായി ബന്ധപ്പെട്ട വാർത്തകൾ. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളാണ് മുൻപ് പുറത്തുവന്നിരുന്നത്. എന്നാൽ ഇരുവരും ഡേറ്റിംഗിലാണെന്ന പുതിയ വാർത്തകളാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബോണി കപൂറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്റെ സ്ക്രീനിംഗിന് മുംബൈയിൽ എത്തിയതായിരുന്നു ജാൻവി. ശിഖാറിന്റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് ജാൻവി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ശിഖു എന്നായിരുന്നു നെക്ലൈസിൽ ഉണ്ടായിരുന്ന പേര്. ഇതോടെ ആരാധകർ ജാൻവിയും ശിഖാറും തമ്മിലുളള പ്രണയം സ്ഥിരീകരിച്ചു. താരത്തിന്റെ വേഷവും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പിതാവിനും സഹോദരനായ അർജുൻ കപൂറിനൊപ്പമാണ് ജാൻവി എത്തിയത്.
അടുത്തിടെ ജാൻവി പങ്കെടുത്ത ഒരു അഭിമുഖ പരിപാടിയായ കോഫി വിത്ത് കരുണിലും ശിഖാറിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ പെട്ടെന്ന് വിളിക്കുന്ന ആദ്യത്തെ മൂന്നു പേരിലൊരാൾ ശിഖാറാണെന്നു ജാൻവി പറഞ്ഞിരുന്നു. മറ്റ് രണ്ട് പേർ പിതാവും സഹോദരനുമാണെന്നും താരം പറഞ്ഞു. ഈ മാസം മൂന്നിന് ശിഖാറിന്റെ പിറന്നാൾ ദിനത്തിൽ ജാൻവി സോഷ്യൽമീഡിയയിൽ ആശംസകൾ അറിയിക്കാത്തതു ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ജാൻവിക്ക് പിറന്നാൾ ആശംസകളുമായി ശിഖാർ സോഷ്യൽമീഡിയയിൽ എത്തി. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ചാണ് ശിഖാർ നടിക്ക് ആശംസകൾ അറിയിച്ചത്.
അടുത്തിടെ ബോണി കപൂറിന്റെ ഒരു അഭിമുഖവും ഏറെ ചർച്ചയായിരുന്നു. ശിഖാറുമായി ബോണിക്കുളള ആത്മബന്ധത്തെക്കുറിച്ചായിരുന്നു അഭിമുഖം. ജാൻവി ശിഖാറിനെ പരിചയപ്പെടുന്നതിന് മുൻപ് താനും ശിഖാറുമായി സൗഹൃദത്തിലായിരുന്നുവെന്നു ബോണി പറഞ്ഞിരുന്നു. ശിഖാറിനെ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഇപ്പോൾ മകളുടെയും മകന്റെയും നല്ലൊരു സുഹൃത്താണ് ശിഖാർ. അയാളെപ്പോലെയുളള ഒരു വ്യക്തിയുടെ സൗഹൃദം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്- ബോണി കപൂർ പറഞ്ഞു.