ബെന്നി എം. പോൾ
പട്ടിക്കാട്: പീച്ചി ഡാം റോഡിൽ കന്പനിപ്പടി ബസ് സ്റ്റോപ്പിൽനിന്നും മൂന്നൂറ് മീറ്റർ മുന്നോട്ടുചെന്നാൽ മണലിപ്പുഴയുടെ തീരത്തൊരു വിദ്യാലയമുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ട വിദ്യാഭ്യാസവും പരിചരണവും നൽകി അറിവിന്റെയും മാനസിക ഉല്ലാസത്തിന്റെയും പുതിയ ലോകത്തേക്കു കൈപിടിച്ചു നടത്തുന്ന ഒരു സ്നേഹാലയം. അതാണ് കണ്ണാറ ക്ലെയർ ജ്യോതി കോണ്വെന്റിനോടു ചേർന്നു പ്രവർത്തിക്കുന്ന ജെയ് ക്രിസ്റ്റോ സദൻ, സ്പെഷൽ സ്കൂൾ ഫോർ മെന്റലി ചലഞ്ച്ഡ്.
അക്ഷരവും അതിജീവനവും അന്യമായ കുഞ്ഞുമക്കൾ. മാനസിക വെല്ലുവിളി നേരിടുന്ന നാലുവയസ് പ്രായമുള്ളവർ മുതൽ മുതിർന്ന കുട്ടികൾവരെ ഇതിലുണ്ട്. സ്വന്തം മാതാപിതാക്കൾക്കുപോലും നിയന്ത്രിക്കാൻ കഴിയാത്ത ഇത്തരം കുട്ടികളാണ് ഇവിടത്തെ വിദ്യാർഥികൾ.
ഇവർക്ക് ആവശ്യമായ സംരക്ഷണവും വിദ്യാഭ്യാസവും കരുതലും നൽകി മക്കളെപ്പോലെ ചേർത്തുപിടിച്ച് ഇവരെ കൈപിടിച്ച് ഉയർത്തുന്ന രണ്ടു മാലാഖമാർ ഇവിടെയുണ്ട്, കോണ്വെന്റ് സുപ്പീരിയർ സിസ്റ്റർ നിമ റോസും, സിസ്റ്റർ അനീഷയും.
20 വർഷത്തിലേറെയായി ഇവർ രണ്ടുപേരും സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കാൻ തുടങ്ങിയിട്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കാൻ വിദഗ്ധ പരിശീലനം നേടിയ ഇരുവരും 2001ൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ച അന്നുമുതൽ ഇവിടെയുണ്ട്.
2001 ജനുവരി മൂന്നിന് ജയ് ക്രിസ്റ്റോ സദന്റെ ആരംഭം കുറിക്കുന്പോൾ ഏഴു കുട്ടികൾ മാത്രമായിരുന്നു ഇവിടെ. ഇന്നത് തൊണ്ണൂറിലധികം കുട്ടികളായി വളർന്നു. ഒല്ലൂക്കര, പീച്ചി, പട്ടിക്കാട്, ചെന്നായ്പ്പാറ ആശ്രമം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഇത്തരം കുട്ടികളെ സ്വന്തം വീട്ടിൽ പരിചരിക്കാൻ അസൗകര്യമുള്ളവരും സാന്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും അവരുടെ സങ്കടങ്ങൾ പറയാൻ തുടങ്ങിയതോടെ 2008 ൽ ഹോസ്റ്റൽ സൗകര്യം ആരംഭിച്ചു. വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ 2010 ൽ നാല്പതോളം കുട്ടികളുമായി പുതിയ ഹോസ്റ്റലിലേക്കു മാറി.
നിലവിൽ ഒന്പത് അധ്യാപകരും അഞ്ച് അനധ്യാപകരുമുണ്ട്.പഠനം കഴിഞ്ഞു പോകുന്ന ഇത്തരം കുട്ടികൾ പലപ്പോഴും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയേക്കാം. ഒരുപക്ഷേ മാതാപിതാക്കൾ നഷ്ടപ്പെട്ടാൽ തുടർന്നുള്ള ഇവരുടെ ജീവിതം നരകതുല്യവുമാകാം.
ഇതെല്ലാം മുന്നിൽകണ്ട് അതിജീവനപാതയിൽ മുന്നേറാൻ കൈത്തൊഴിലുകളും മറ്റു പരിശീലനങ്ങളും നൽകുന്നുണ്ട്. മെഴുകുതിരി, സുത്തിലി പാവ, മുത്തുമാല നിർമാണം, ആടുവളർത്തൽ, പച്ചക്കറികൃഷി, പൂന്തോട്ട പരിപാലനം എന്നിവയിൽ പരിശീലനവും നൽകിവരുന്നു.
നിരന്തരമായ പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും കായിക മത്സരങ്ങളിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി തീർന്ന കുട്ടികളും ഇവിടെയുണ്ട്. അങ്ങനെയുള്ളവരെ സ്പെഷൽ ഒളിംപിക്സ് മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുമുണ്ട്.
ജാർഖണ്ഡിൽ നടന്ന നാഷണൽ ഒളിംപിക്സ് മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മനോജ്, ബ്ലസി എന്നീ രണ്ടു കുട്ടികൾ പങ്കെടുത്തിരുന്നു.
മനോജ് സൈക്ലിംഗ് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.മറക്കാനാവാത്ത ഒരുപാട് നല്ല ഓർമകൾ സിസ്റ്റർമാരായ നിമ റോസിനും, അനീഷയ്ക്കും പറയാനുണ്ട്. കാലുകൾ തളർന്ന് നടക്കാൻ കഴിയാത്ത നിലയിൽ സ്കൂളിൽ എത്തിയ കുട്ടി നിരന്തരമായ പരിശ്രമത്തിലൂടെയും തെറാപ്പിയിലൂടെയും പിച്ചവയ്ക്കാൻ തുടങ്ങിയത് അതിലൊന്നാണ്.
ആദ്യമായി കാലുകൾ എടുത്തുവച്ച് നടക്കാൻ തുടങ്ങിയ അന്നുതന്നെ ആ കുട്ടിക്കുവേണ്ടി ചെരുപ്പ് വാങ്ങി കൊണ്ടുവന്ന് ഇട്ടതിന്റെ അനുഭവം പങ്കുവയ്ക്കുന്പോൾ ഇന്നും അവരുടെ മുഖത്ത് ആ ആഹ്ലാദം തെളിഞ്ഞുകാണാം. അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങൾ.
സ്കൂളിനോടു ചേർന്നുള്ള സെന്റ് ജോസഫ്സ് ദേവാലയത്തിലെ വികാരി റവ. ഡോ. വർഗീസ് ഉൗക്കനും ഇടവകാംഗങ്ങളും ഏത് ആവശ്യങ്ങൾക്കും ഇവരോടൊപ്പമുണ്ട്. 2018 ലെ പ്രളയത്തിൽ രണ്ടുമീറ്ററോളം ഉയരത്തിൽ സ്കൂളിൽ വെള്ളം കയറിയപ്പോൾ ഇടവകാംഗങ്ങളും നാട്ടുകാരും വളരെ സാഹസികമായാണ് കുട്ടികളെ രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയത്.
മൂന്നുകോടി രൂപ ചെലവാക്കി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. സർക്കാരിന്റെ ഗ്രാന്റായി ലഭിക്കുന്ന ചെറിയ തുക ഒഴികെ ബാക്കി തുക കണ്ടെത്തിയിട്ടുള്ളതു തൃശൂർ അസീസി പ്രൊവിൻസിന്റെ സഹായത്തോടെയാണ്.
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ മേരിയും കൗണ്സിലേഴ്സും ഇതിനു മുൻകൈ എടുത്തിട്ടുണ്ട്.കൂടാതെ പാണഞ്ചേരി പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പീച്ചി ഡാം റോഡിൽനിന്നും സ്കൂളിലേക്കുള്ള വഴി ടാറിംഗ് നടത്തിക്കൊടുത്തിട്ടുണ്ട്.
പുതിയ കെട്ടിടത്തിന്റെ പണികൾ കഴിഞ്ഞെങ്കിലും അത്യാവശ്യ ക്രമീകരണങ്ങൾകൂടി ഒരുക്കേണ്ടതുണ്ടെന്നു സിസ്റ്റർമാർ പറഞ്ഞു. ഫിസിയോ തെറാപ്പി യൂണിറ്റാണ് അതിലൊന്ന്. ഉണ്ടായിരുന്ന യൂണിറ്റുകൾക്കു പ്രളയത്തിൽ വെള്ളംകയറി കേടുപാടുകൾ സംഭവിച്ചിരുന്നു.
ഒട്ടുമിക്ക കുട്ടികൾക്കും നിരന്തരമായി തെറാപ്പി ആവശ്യമായതിനാൽ ആധുനിക രീതിയിലുള്ള ഫിസിയോ തെറാപ്പി യൂണിറ്റ് അത്യാവശ്യമാണ്. ചൂടുകാലമായാൽ ചില കുട്ടികളിൽ അക്രമവാസന കൂടുന്നതായി കാണാറുണ്ട്. ഇവർക്കായി ഒരു എസി റൂം ക്രമീകരിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ അവരെ നിയന്ത്രണവിധേയമാക്കാനാവും.
കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനായി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രത്യേകം ക്രമീകരിക്കുന്ന മുറിയാണ് സെൻസറി റൂം.
ചുരുങ്ങിയതു പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ സംവിധാനം ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞാൽ അനേകം കുട്ടികൾക്കു സഹായകമായിത്തീരുമെന്ന് സിസ്റ്റർ അനീഷയും സിസ്റ്റർ നിമ റോസും പറഞ്ഞു.