മുംബൈ: ഐസിസി ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡുകാരനായ ഗ്രെഗ് ബാർക്ലേ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് തൽസ്ഥാനത്തേക്ക് മുപ്പത്തഞ്ചുകാരനായ ജയ് ഷാ എത്തുന്നത്.
ഐസിസി ചെയർമാൻ സ്ഥാനത്തിനായി ഓഗസ്റ്റ് 27വരെ നോമിനേഷൻ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ജയ് ഷാ മാത്രമാണ് നോമിനേഷൻ സമർപ്പിച്ചത്. ഡിസംബർ ഒന്നു മുതലാണ് ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക.
ചരിത്ര നേട്ടം
ഐസിസി തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ചരിത്രം കുറിച്ചാണ് ജയ് ഷാ സ്ഥാനമേൽക്കുക. ഐസിസിയുടെ തലപ്പത്ത് എത്തുന്ന അഞ്ചാമത് ഇന്ത്യക്കാരൻ എന്ന ജയ് ഷായ്ക്കു സ്വന്തം.
ജഗ്മോഹൻ ഡാൽമിയ, ശരത് പവാർ, എൻ. ശ്രീനിവാസൻ , ശശാങ്ക് മനോഹർ എന്നിവരാണ് മുന്പ് ഇന്ത്യയിൽനിന്ന് ഐസിസി തലപ്പത്ത് എത്തിയവർ.