ഇന്നും സമൂഹത്തില്‍ തീവ്രമായി നിലനില്‍ക്കുന്ന ജാതീയത പ്രമേയമാക്കിയിട്ടുളള സിനിമയാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഭിനന്ദിക്കപ്പെടുന്നു.എന്നാൽ ഇതിനിടെ തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് സൂര്യയ്ക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വണ്ണിയാര്‍ സംഘം.
സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പിഎംകെ എന്ന പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയുമാണ്.
തമിഴ്നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പോലീസ് കസ്റ്റഡി കൊലപാതകവും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ നിയമപോരാട്ടവും പ്രമേയമാക്കിയിട്ടുളളതാണ് ജയ് ഭീം.
ചിത്രത്തിന്റെ പ്രമേയവും അഭിനേതാക്കളുടെ പ്രകടനവും അടക്കം വ്യാപകമായി അഭിനന്ദിക്കപ്പെടുന്നു. ഒപ്പം ചിത്രം വിവാദങ്ങളിലും അകപ്പെട്ടു.
ചിത്രത്തില്‍ ഹിന്ദി ഭാഷയെ താഴ്ത്തിക്കാട്ടുന്നു എന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്ത് വന്നിരുന്നു.
ഇപ്പോള്‍ ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ സൂര്യ, സംവിധായകന് ടി.ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വണ്ണിയാര്‍ സംഘം എന്ന സംഘടന.
ഉത്തര തമിഴ്നാട്ടില്‍ വലിയ രാഷ്്ട്രീയ സ്വാധീനമുളള സമുദായമാണ് വണ്ണിയാര്‍. ജയ് ഭീം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ തങ്ങളുടെ സമുദായാംഗമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഇവരുടെ ആരോപണം.
പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണ്, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്ന അഡ്വക്കേറ്റ് ചന്ദ്രു, പോലീസ് ഓഫീസര്‍ പെരുമാള്‍ സ്വാമി എന്നീ കഥാപാത്രങ്ങള്‍ക്ക് അവരുടെ യഥാര്‍ഥ പേരുകള്‍ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അതേസമയം രാജാകണ്ണിനെ പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന എസ്ഐയുടെ യഥാര്‍ഥ പേരല്ല ഉപയോഗിച്ചിരിക്കുന്നത്.
ഈ പോലീസ് കഥാപാത്രത്തിന് ഗുരുമൂര്‍ത്തി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഗുരു എന്നാണ് ഇയാളെ വിളിക്കുന്നത്. ഇത് പിഎംകെ നേതാവായ ജെ.ഗുരുവിനെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്.
മാത്രമല്ല ചിത്രത്തിലെ ഒരു സീനില്‍ ഈ പോലീസ് ഓഫീസറുടെ പിറകിലുളള കലണ്ടറില്‍ അഗ്നികുണ്ഡം കാണിക്കുന്നുണ്ടെന്നും ഇത് വണ്ണിയാര്‍ സമുദായത്തിന്റെ പ്രതീകമാണെന്നും ഇവര്‍ പറയുന്നു.
യഥാര്‍ഥ സംഭവത്തിലെ പോലീസുകാരന് വണ്ണിയാര്‍ സമുദായത്തില്‍ നിന്നുളള ആളല്ല എന്നിരിക്കെ സിനിമയില്‍ അത്തരത്തില്‍ ചിത്രീകരിക്കുന്നത് തങ്ങളെ അപമാനിക്കാനും തങ്ങളുടെ ആളുകളെ തെറ്റുകാരാക്കാനുമാണ് എന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഏഴ് ദിവസത്തിനുളളില്‍ അഞ്ചു കോടി രൂപ മാനഷ്ടമായി നല്‍കണമെന്നും പിഎംകെ നേതാവ് അന്‍പുമണി രാംദാസ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സൂര്യയ്ക്ക് കത്ത് അയച്ചിരുന്നു.
ജയ് ഭീം എന്ന സിനിമ പറയുന്നത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ചന്ദ്രു എങ്ങനെ ഒരു നിയമ പോരാട്ടം നടത്തിയെന്നും നീതി ലഭ്യമാക്കി എന്നുമാണെന്ന് മറുപടിക്കത്തില്‍ സൂര്യ പറയുന്നു.
പേരിന്റെ രാഷ്്ട്രീയം കളിച്ച് വിഷയം വഴി തെറ്റിക്കരുതെന്നും കത്തില്‍ സൂര്യ അഭ്യര്‍ഥിച്ചു.
അതിനിടെയാണ് പിഎംകെയുടെ നാഗപട്ടണം ജില്ലാ സെക്രട്ടറി സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ പിന്തുണയുമായി സൂര്യയ്ക്ക് പിന്നില്‍ അണി നിരന്നിരിക്കുകയാണ്.