കോട്ടയം: വീണുപോയവർക്ക് ചരിത്രത്തിൽ ഇടമില്ല. എന്നാൽ തളരാതെ വീണ്ടും എഴുന്നേൽക്കുന്നവരെ ലോകം ഒരിക്കലും മറക്കാറുമില്ല.
കേരള രാഷ്ട്രീയ ഭൂമികയിൽ സിപിഎം സമ്മാനിച്ച “ചാവേർ’ ആണ് പുതുപ്പള്ളിയിലെ സ്ഥിരം സ്ഥാനാർഥി ജെയ്ക് സി. തോമസ് എന്ന് ചിലർ പറയാറുണ്ട്. എന്നാൽ ജെയ്ക് ചാവേർ അല്ല; മറിച്ച് പ്രസ്ഥാനത്തിന്റെ വിശ്വസ്ത സമരഭടൻ ആണ്.
കമൽ ഹാസന്റെ പ്രശസ്ത ചിത്രം “കുരുതിപുനൽ'(രക്തക്കളം) എതിരാളിയെ തകർക്കാൻ മുന്നോട്ട് വയ്ക്കുന്ന ഒരു ആശയം ഉണ്ട് – “ഡിലേ, ഡിസേബിൾ, ഡിസിന്റഗ്രേറ്റ്’.
കാത്തിരിക്കുക, നിർജീവമാക്കുക, നശിപ്പിക്കുക. പുതുപ്പള്ളി പോലൊരു യുഡിഎഫ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ജെയ്കിനെ മുന്നിൽ നിർത്തി സിപിഎം നടത്തുന്നതും ഈ നീക്കം ആണ്.
ഉമ്മൻ ചാണ്ടി എന്ന മഹാമേരു അമരത്വം നേടിയ മണ്ഡലത്തിൽ, വമ്പൻ രാഷ്ട്രീയ അടവുകൾ പ്രയോഗിക്കാതെ നിശബ്ദ അടിയൊഴുക്കുകൾ നടത്തുക എന്നതാണ് സിപിഎം പദ്ധതി. ഇതിനായി “സോഷ്യൽ എൻജിനീയറിംഗ്’ എന്ന ഓമന പേരിട്ട സാമുദായിക സമവാക്യ തന്ത്രങ്ങളിലൂടെ മണർകാട് സ്വദേശി ആയ ജെയ്കിനെ പാർട്ടി വാർത്തെടുത്തു.
സഭാതർക്കത്തിൽ ഉൾപ്പെട്ട ഒരു സംഘത്തിന്റെ പ്രതിനിധി ആയിട്ടുകൂടി വിവിധ വിഭാഗങ്ങളെ തനിക്കൊപ്പം നിർത്തി സാമൂഹ്യ നയതന്ത്രജ്ഞതയുടെ പരമകോടി വെളിവാക്കിയ കുഞ്ഞൂഞ്ഞിനെ വീഴ്ത്താൻ ജെയ്ക് പ്രാപ്തനാണെന്ന് പാർട്ടിക്ക് ബോധ്യം ഉണ്ടായിരുന്നു.
കോട്ടയം സിഎംഎസ് കോളജ് മാസങ്ങളോളം അടച്ചിടാൻ കാരണമായ സമരത്തിന്റെ പിന്നാൾ എന്ന പേരുദോഷം ചാനൽ ചർച്ചകളിലെ സാന്നിധ്യം ഉറപ്പാക്കി ജെയ്കിനായി സിപിഎം മാറ്റിനൽകി.
തഴക്കം വന്ന നേതാവിനെ വീഴ്ത്താൻ വഴക്കമുള്ള പ്രാസംഗികനായി ജെയ്കിനെ പാർട്ടി അവതരിപ്പിച്ചു. ഇതിനിടെ, തന്റെ രണ്ടാം അങ്കത്തിൽ ഭൂരിപക്ഷം 10,000-ത്തിൽ താഴെ എത്തിച്ച് ജെയ്ക് പാർട്ടിയുടെ വിശ്വാസം കാത്തു.
വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ സിപിഎം പരാജയം സമ്മതിച്ചെന്ന ആക്ഷേപം ഉയർന്ന ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് വീണ്ടും രംഗത്തിറങ്ങി.
കോൺഗ്രസിൽ നിന്നൊരു നേതാവിനെ അടർത്തിയെടുത്ത് എൽഡിഎഫ് സ്ഥാനാർഥിയാക്കുമെന്ന അഭൂഹ്യം തള്ളിയാണ് ജെയ്ക് വീണ്ടും എത്തിയത്. അറിഞ്ഞുകൊണ്ട് തോൽവി ഏറ്റുവാങ്ങാൻ മനസില്ലെന്ന് പലരും പറഞ്ഞ വേളയിൽ പാർട്ടിക്കായി വീണ്ടും ദൗത്യം ഏറ്റെടുത്തു ജെയ്ക്.
പലതവണ ചിതറിപ്പോയിട്ടും വല നെയ്യുന്നത് തുടർന്ന് വിജയം കൈവരിച്ച ചിലന്തിയുടെ കഥ ജെയ്കിന്റെ പോരാട്ടവുമായി സാമ്യമുള്ളതാണ്. സധൈര്യം മുന്നിട്ടിറങ്ങുന്ന ജെയ്കിന്റെ അർപ്പണത്തിന് ഭാവിയിൽ സ്വപ്നപ്രതിഫലം കാത്തിരിക്കുന്നുണ്ടായിരിക്കാം.