തൃശൂർ: ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി, നായരങ്ങാടി എന്നിവിടങ്ങളിൽ കടകൾ അടച്ചിട്ട് ശുചീകരണം. കോർപറേഷൻ ശുചീകരണ വകുപ്പിലെ ജീവനക്കാരും വ്യാപാരികളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് കുമ്മായപ്പൊടിയും ബ്ലീച്ചിംഗ് പൗഡറും വിതറിയാണു ശുചീകരണം നടത്തിയത്. കടകന്പോളങ്ങളെല്ലാം അടച്ചിട്ടതിനാൽ ഈ അങ്ങാടികളും റോഡുകളുമെല്ലാം വിജനമായി.
എല്ലാ ശനിയാഴ്ചയും ഈ അങ്ങാടിയിൽ കടകളടച്ചിട്ട് ശുചീകരണം നടത്തുമെന്ന കോർപറേഷൻ നിലപാടിൽ വ്യാപാരികൾ അതൃപ്തി പ്രകടിപ്പിച്ചു.
എല്ലാ ദിവസവും രാവിലെ ഒന്പതിനു മുന്‍പു പൂർത്തിയേക്കേണ്ട ശുചീകരണം കടകളടചിച്ചു നടത്തുന്നതിന് ഒരു ന്യായീകരണവുമില്ലെന്നു വ്യാപാരികൾ പറഞ്ഞു. തൃശൂരിലെ വ്യാപാര മേഖലയെ നിർജീവമാക്കാനുള്ള ഗൂഡാലോചന ഇതിനു പിറകിലുണ്ടെന്നു സംശയിക്കണമെന്നും അവർ ആരോപിച്ചു.
ശനിയാഴ്ചകളിൽ പതിവിൽ കൂടുതൽ വ്യാപാരം നടക്കുന്ന ദിവസമാണ്. കോവിഡ്, ലോക് ഡൗണ്‍ പ്രതിസന്ധികൾക്കിടയിൽ സ്ഥാപനങ്ങൾ അടച്ചിടുന്നതു കൂടുതൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.