കോട്ടയം: പുതുപ്പള്ളിയിൽ അടുത്ത തവണ എൽഡിഎഫ് സീറ്റ് പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക് സി. തോമസ്. നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ നിറംമങ്ങിയ വിജയമായിരുന്നു ഇക്കുറി യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ നേടിയ മുപ്പത്തിമൂവായിരത്തിൽ നിന്നും 9,044 ലേക്കു ഭൂരിപക്ഷം കുറഞ്ഞാണ് ഇക്കുറി ഉമ്മൻ ചാണ്ടിയുടെ വിജയം.
ഒരിക്കൽപോലും ലീഡ് അയ്യായിരത്തിലേക്ക് ഉയർത്താൻ പറ്റാത്ത വിധം തളർന്നുപോയിരുന്നു അദ്ദേഹം. കോണ്ഗ്രസിന്റെ ദേശീയ നേതാവും യുഡിഎഫിൽ തർക്കമില്ലാത്ത കാരണവരുമാണ് ഇത്തരത്തിൽ ദയനീയമായ ജനവിധിയെ നേരിടേണ്ടിവന്നത്.
ഇതിനു പിന്നാലെയാണ് അഞ്ചു വർഷത്തിനു ശേഷം പുതുപ്പള്ളി എൽഡിഎഫ് പിടിച്ചടക്കുമെന്ന ആത്മ വിശ്വാസം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക് പങ്കുവെക്കുന്നത്.50 വർഷംകൊണ്ട് ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷം അഞ്ചു വർഷത്തെ കൂട്ടായ പ്രവർത്തനംകൊണ്ട് എൽഡിഎഫിനു ഒന്പതിനായിരമാക്കി ചുരുക്കാൻ സാധിച്ചു.
എല്ലാ പഞ്ചായത്തിലും എൽഡിഎഫ് മികച്ച നേട്ടം സ്വന്തമാക്കി. ഇക്കുറി ബിജെപിയുമായുള്ള ഗൗരവമേറിയ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് യുഡിഎഫിന്റെ വിജയം, ജെയ്ക് ആരോപിച്ചു.12 പോരാട്ടങ്ങളിൽ ഇത്രയേറെ തിരിച്ചടിയുണ്ടായ ജനവിധി ഉമ്മൻ ചാണ്ടിക്കു വേറെയുണ്ടായിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയെ ഞെട്ടിപ്പിച്ച തോൽവിയുടെ അനുരണനവും അടിയൊഴുക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഉമ്മൻ ചാണ്ടിക്കും നേരിടേണ്ടിവരുമെന്ന് അധികമാരും പ്രതീക്ഷിച്ചില്ല. യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കവും കേരള കോണ്ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം തദ്ദേശതെരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും പ്രതിഫലിച്ചു.