
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ജയില്വിഭവങ്ങള് ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് ഒടുവില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (കെടിഡിഎഫ്സി) അനുമതി.
ഭക്ഷണം ജയില്‍വകുപ്പിന്റെ വാഹനത്തിലെത്തിച്ച് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വില്പന നടത്താനാണ് തീരുമാനം. ഇതിനായി കൗണ്ടര്‍ നിര്‍മാണം ആരംഭിച്ചു.
നാളെ വില്പന ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് വി.ജയകുമാര്‍ “രാഷ്ട്രദീപിക’യോട് പറഞ്ഞു.
കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ ദിവസം ബസ് ടെര്‍മിനലില്‍ ഭക്ഷണ വില്പന അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസിയ്ക്ക് കെടിഡിഎഫ്സി കത്തയച്ചിരുന്നു.
ഇത് വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റി കെടിഡിഎഫ്സി രംഗത്തെത്തിയത്. നഗരത്തില്‍ നാല് സ്ഥലങ്ങളില്‍ ജയില്‍ വിഭവങ്ങള്‍ വില്പന നടത്തുന്നതിനുള്ള കൗണ്ടര്‍ ആരംഭിക്കാനായിരുന്നു ജയില്‍വകുപ്പ് തീരുമാനിച്ചത്.
കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്, മെഡിക്കല്‍കോളജ് ആശുപത്രി പരിസരം, കോഴിക്കോട് ബീച്ച് പരിസരം, കിഡ്സണ്‍ കോര്‍ണര്‍ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകള് ആരംഭിക്കുന്നത്. ഇതിന് കോര്പറേഷന് അനുമതിയും നല്‍കിയിരുന്നു.
എന്നാല്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ പരിപാലന ചുമതലയുള്ള കെടിഡിഎഫ്സി അനുമതി നല്‍കിയില്ല. ജയില്‍വകുപ്പിന് കെഎസ്ആര്‍ടിസി നല്കിയ അനുമതി പിന്‍വലിക്കാന്‍ കെടിഡിഎഫ്സി നിര്‍ദേശം നല്‍കുകയും ചെയ്തു.
അതേസമയം കെഎസ്ആര്‍ടിസി അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കൗണ്ടര്‍ ആരംഭിക്കാനായിരുന്നു ജയില്‍വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ കെടിഡിഎഫ്സിയുടെ നിലപാട് ഇതിന് തടസമായി.
ഇതോടെ കെടിഡിഎഫ്സിക്കെതിരേ ആരോപണങ്ങളും ഉയര്‍ന്നു . സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം .
കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി നടപ്പായാല്‍ അത് പ്രതികൂലമായ ബാധിക്കുന്ന ചില ഹോട്ടലുകാരാണ് ഇതിന് പിന്നിലുള്ളതെന്നും ഇവര്‍ കെടിഡിഎഫ്സി ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവരാണെന്നും ആരോപണം ഉയരുന്നിരുന്നു.
യാത്രക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതി അട്ടിമറിയ്ക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായും ആരോപണം ശക്തമായി. ഇതോടെയാണ് കെടിഡിഎഫ്സി തീരുമാനം മാറ്റിയത്.
14 നിലയുള്ള കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിലവില്‍ ഒരു ഷോപ്പ് പോലും പ്രവര്‍ത്തിക്കുന്നില്ല. ഏതാനും ചില സ്വകാര്യ വ്യക്തികളാണ് യാത്രക്കാര്‍ക്ക് കുപ്പിവെള്ളവും മറ്റും വിതരണം ചെയ്യുന്നത്. അനധികൃതമായാണ് ഇത്തരം വിലപന നടത്തുന്നത്.
കോഴിക്കോടെത്തുന്ന ഹ്രസ്വ-ദീര്‍ഘ ദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ ബസ്റ്റാന്‍ഡിന് പുറത്തിറങ്ങി മാവൂര്‍ റോഡിലുള്ള ഹോട്ടലിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
ഇത് സമയനഷ്ടവും സൃഷ്ടിക്കുന്നുണ്ട്. ബസ് ജീവനക്കാരും ഇപ്രകാരം സ്റ്റാന്‍ഡിന് പുറത്തുള്ള ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായാണ് ജയില്‍വകുപ്പ് കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് പുതിയ പദ്ധതി ആരംഭിക്കുന്നത്.
കുപ്പിവെള്ളത്തിന് 10 രൂപയും മറ്റു വിഭവങ്ങള്‍ക്ക് പുറമെയുള്ളതിനേക്കാള് വളരെ വിലകുറച്ചും വിതരണം ചെയ്യാനാണ് നീക്കം.