കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും ചാടിപ്പോയ ജയിൽപുള്ളി തിരിച്ചെത്തി. ബംഗാൾ ജൽപൈഭുരി തൗൽഹാൾടി സ്വദേശി മിന്റു എന്ന അബ്ദുൾ റാസാക്ക് (36)ആണ് ഇന്നലെ അവശനിലയിൽ തിരിച്ചെത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ജയിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ മിന്റു ഉൾപ്പടെ മൂന്നു അന്തേവാസികളിൽ നിന്നും മൊബൈൽ ഫോണ് പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷമാണ് ഇയാളെ ജയിലിൽ നിന്നു കാണാതായത്. തുടർന്ന് തുറന്ന ജയിൽ അധികൃതർ നെയ്യാർ ഡാം പോലിസിൽ പരാതി നൽകുകയും സുമേഷ്, പ്രശാന്ത് എന്നീ രണ്ടു അന്തേവാസികളുടെ പേരിൽ നടപടി എടുക്കുകയും ചെയ്തിരുന്നു. മിന്റുവിന്റെ നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടക്കുന്നതിനിടയാണ് അവശനായ നിലയിൽ ഇയാൾ തുറന്ന ജയിലിൽ തിരിച്ചെത്തിയതെന്ന് ജയിൽ അധികൃതർ പറയുന്നു.
മൊബൈൽ പിടികൂടിയതിൽ ഭയന്നാണ് താൻ ജയിലിൽ നിന്നും മാറി തൊട്ടടുത്ത വനമേഖലയിൽ ഒളിച്ചതെന്നും രണ്ട് ദിവസമായി ഭക്ഷണംകിട്ടാതെ വലഞ്ഞപ്പോൾ തിരിച്ചെത്തിയെനന്നാണ് ഇയാൾ പറയുന്നതെന്ന് ജയിൽ അധികൃതർ പറയുന്നു. അഞ്ചൽ പോലിസ് സ്റ്റേഷൻ പരിധിയിൽ 2005ൽ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് വിയ്യൂരിൽ കഴിയുകയായിരുന്ന മിന്റുവിനെ പിന്നീട് നെട്ടുകാൽത്തേരിയിൽ എത്തിക്കുകയായിരുന്നു.