സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളുടെ ആധുനികവത്കരണ പദ്ധതികള്‍ സംബന്ധിച്ച് ജയില്‍വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കി.
“മിഷന് 2030′ എന്ന പേരിലാണ് പദ്ധതികളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍ക്കാരിന് സമര്‍പ്പിച്ച ശേഷം അനുമതി ലഭിച്ചാല്‍ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നു ജയില്‍വകുപ്പ് അറിയിച്ചു.
വേഷം മാറ്റം
അന്തേവാസികള്‍ക്കു മാന്യമായ ജീവിത സാഹചര്യമൊരുക്കണമെന്നതും ജയില്‍സുരക്ഷ സംബന്ധിച്ചുമുള്ള പദ്ധതികളാണ് ജയില്‍വകുപ്പ് ശിപാര്‍ശ ചെയ്യുന്നത്. അന്തേവാസികളായ സ്ത്രീകള്‍ക്കു ചുരിദാറും കുര്‍ത്തയും നല്‍കണം.
പുരുഷന്മാര്ക്കു ജോലിയെടുക്കുമ്പോള്‍ പാന്റ്സും ഷര്‍ട്ടും നല്‍കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. പുരുഷ തടവുകാര്‍ക്കു മുണ്ടും ഷര്‍ട്ടും സ്ത്രീ തടവുകാര്‍ക്ക് 1950ലെ മുണ്ടും ചട്ടയുമാണ് ഇപ്പോഴും വേഷം.
നിലവിലെ സാഹചര്യത്തില്‍ തടവുകാര്‍ക്കു വസ്ത്രത്തില്‍ കാലികമായ പരിഷ്കരണം ആവശ്യമാണ്.
കട്ടിൽ നൽകണം
ജയിലുകളില്‍ നിലവില്‍ തടവുകാര്‍ക്കു കട്ടില് സൗകര്യമില്ല. അതിനാല്‍ എല്ലാ തടവുകാര്‍ക്കും കട്ടില് സൗകര്യം നല്‍കണം. അതോടൊപ്പം ബഡ്, ഷീറ്റ്, തലയിണ, കൊതുകുവല, പുതപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ്, ഷേവിംഗ് കിറ്റ് എന്നിവയും നല്‍കണം. ഏറ്റവും കുറഞ്ഞ ഇത്തരം ജീവിത സാഹചര്യമെങ്കിലും തടവുകാര്‍ക്ക് ഉറപ്പുവരുത്തണം.
ജയില്‍ ആസ്ഥാനത്ത് ഒരു കണ്ട്രോള് റൂം സ്ഥാപിച്ച് എല്ലാ ജയിലുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കാനും സൂക്ഷിക്കാനും പരിശോധിക്കാനും സാധിക്കണം.
ജയിലുകള്‍ സംഭവിക്കുന്ന സുരക്ഷാ വീഴ്ചകള്‍ ഇതുവഴി കണ്ടെത്താം. ജയിലുകള്‍ ഏതെങ്കിലും തരത്തിലുള്ള മനുഷ്യാവകാശ ലംഘനം നടക്കുന്നപക്ഷം പരിശോധിച്ച് വിലയിരുത്താനും അന്വേഷണം നടത്താനും മോണിറ്ററിംഗസ് സംവിധാനം വഴി സാധിക്കും.
വേതനം കൂട്ടും
ഇതിനു പുറമേ അന്തേവാസികളുടെ വേതനം പരിഷ്കരിക്കാനും ശിപാര്‍ശ ചെയ്യും. 2018 മുതല്‍ തടവുകാരുടെ വേതനം 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇത് പ്രകാരം തുറന്ന ജയിലുകളില്‍ 170 മുതല്‍ 230 വരെയും മറ്റു ജയിലുകളില്‍ 127 മുതല്‍ 168 വരെയും ആണ് നിലവില്‍ നല്‍കിവരുന്നത്.
സംസ്ഥാനത്തെ ജയിലുകളില്‍ നിലവില്‍ ഭക്ഷ്യയൂണിറ്റ്, പെട്രോളിയം ഔട്ട്ലെറ്റ് തുടങ്ങി വാണിജ്യാടിസ്ഥാനത്തിലുള്ള നിരവധി പ്രവര്‍ത്തനം നടക്കുന്നുണ്ട്.
അവിടെ ജോലി ചെയ്യുന്ന തടവുകാര്‍ക്കുള്ള വേതനം പ്രസ്തുത യൂണിറ്റുകളുടെ വരുമാനത്തില്‍നിന്നുമാണ് വഹിക്കുന്നത്. അതിനാല്‍ തടവുകാരുടെ വേതനം വര്‍ധിപ്പിക്കുന്നതു സര്‍ക്കാര്‍ ഖജനാവിന് അധിക ബാധ്യത വരില്ല.
മിനിമം വേതനം
അന്തേവാസികള്‍ക്കു മിനിമം വേതനം ഉറപ്പുവരുത്തണമെന്നും ജയില്‍വകുപ്പ് ശിപാര്‍ശ ചെയ്യും. ജയില്‍വകുപ്പിനെ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുക, അന്തേവാസികളുടെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുക, പുതിയ റിമാന്‍ഡ് ജയിലുകള്‍, ഓപ്പണ്‍ ജയിലുകൾ, സെമി ഓപ്പണ്‍ ജയിലുകള്‍ സ്ഥാപിക്കുക, ജയില്‍ ആശുപത്രികള്‍ സ്ഥാപിച്ച് മാനസിക രോഗികളായ തടവുകാര്‍ക്ക് ആരോഗ്യപരിപാലന കേന്ദ്രം സ്ഥാപിക്കുക, ജയിലുകളില്‍ കറക്ഷണല്‍ വിംഗ് ശക്തിപ്പെടുത്തുക, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങീ കാര്യങ്ങളാണ് ജയില്‍വകുപ്പ് തയാറാക്കിയിട്ടുള്ള ശിപാര്‍ശയിലുള്ളത്.