കെ.കെ. അർജുനൻ
വിയ്യൂർ: മുഖം ഫേഷ്യൽ ചെയ്ത് സുന്ദരക്കുട്ടപ്പനാകണോ…വിയ്യൂർ ജയിലിലേക്ക് വരൂ…
അയ്യോ ജയിലിലേക്കോ എന്ന് ചോദിച്ച് സംശയിക്കണ്ട…ജയിലിലേക്കു തന്നെ.. വിപ്ലവകരമായ ഒരുപാട് കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച വിയ്യൂർ ജയിലിൽ സൗന്ദര്യവിപ്ലവത്തിന്റെ കാഹളം മുഴക്കി ബ്യൂട്ടി പാർലർ ആരംഭിക്കുകയാണ്.
പുരുഷൻമാർക്കുള്ള ബ്യൂട്ടിപാർലറാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. ബ്യൂട്ടിപാർലർ കെട്ടിടത്തിന്റെ പണികളെല്ലാം പൂർത്തിയായി. സെൻട്രൽജയിൽ പാർക്കിനകത്താണ് കെട്ടിടം പണിതിട്ടുള്ളത്. സർക്കാരിന്റെ ഉത്തരവ് കിട്ടിയാലുടൻ ബ്യൂട്ടിപാർലർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. എട്ടു തടവുകാരെ ബ്യൂട്ടിപാർലർ നടത്തിപ്പിനു വേണ്ടി തെരഞ്ഞെടുത്ത് പരിശീലനം നൽകിവരുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
വിവിധ ഉത്പന്നങ്ങളുടെ വിപണനം വഴി സർക്കാരിന് കോടികളുടെ വരുമാനമാണ് വിയ്യൂർ ജയിൽ ഇപ്പോൾ ലഭ്യമാക്കുന്നത്. ജയിൽ ചപ്പാത്തി, ബേക്കറി ഉത്പന്നങ്ങൾ, വിവിധയിനം കറികൾ, പച്ചക്കറികൾ, മുട്ട, പാൽ, വെട്ടുകല്ലുകൾ, നെൽകൃഷി, കരകൗശല ഉത്പന്നങ്ങൾ, ജയിൽ വസ്ത്രങ്ങൾ, സോപ്പുപൊടി, വാഷിംഗ് പൗഡറുകൾ, കുപ്പിവെള്ളം തുടങ്ങി ജയിൽ അന്തേവാസികളുടെ സഹകരണത്തോടെ വലിയൊരു ഇൻഡസ്ട്രിയൽ പാർക്കു തന്നെ ജയിലിനകത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പറയാം. അന്തേവാസികളുടെ ഗാനമേള ട്രൂപ്പും, വോളിബോൾ ടീമും, ശിങ്കാരി മേളം, പഞ്ചവാദ്യ സംഘം എന്നിവയും ജയിലിനകത്തുണ്ട്.
ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്പോൾ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയാതെ സമൂഹത്തിന്റെ മുഖ്യധാരയിൽ വരുമാനമുണ്ടാക്കുന്ന രീതിയിൽ ജോലിചെയ്ത് പ്രവർത്തിക്കാൻകഴിയുംവിധം തടവുകാരെ വാർത്തെടുക്കുകയാണ് വിയ്യൂർ ജയിൽ. ജയിൽ പെട്രോൾ പന്പാണ് വിയ്യൂർ ജയിലിൽ അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന പുതിയ പ്രൊജക്ട്.