സിതാമർഹി: കൊലക്കേസ് കുറ്റവാളി ജയിലിൽ ജൻമദിനാഘോഷം സംഘടിപ്പിച്ചു. ബിഹാറിലെ സിതാമർഹി ജയിലിലാണ് ഇരട്ടക്കൊലക്കേസ് പ്രതിയുടെ ആഘോഷം പൊടിപൊടിച്ചത്.പിന്റു തിവാരി എന്ന കുറ്റവാളിയാണു ജൻമദിനം വിപുലമായി ആഘോഷിച്ചത്.
ദർഭംഗയിൽ രണ്ട് എൻജിനീയർമാരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണു പിന്റു. ഇയാൾ ജയിലിൽ കേക്ക് മുറിക്കുകയും മട്ടൻ കറി വിളന്പുകയും ചെയ്തു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ സഹതടവുകാർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ഈ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്റു കേക്ക് മുറിക്കുന്നതും മധുരം വിതരണം ചെയ്യുന്നതും മറ്റു സഹതടവുകാർ വർണക്കടലാസുകളിൽ പൊതിഞ്ഞ സമ്മാനപ്പൊതികൾ നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ചോറും മട്ടൻ കറിയും വിതരണം ചെയ്യുന്ന വീഡിയോയിൽ മറ്റു തടവുകാർ പോക്കറ്റിൽനിന്നു മൊബൈൽ ഫോണുകൾ പുറത്തെടുത്തു പിന്റുവിനൊപ്പം സെൽഫിയെടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
കുപ്രസിദ്ധ മുകേഷ് പഥക് സംഘത്തിലെ പ്രധാനിയും ഷാർട്ട് ഷൂട്ടറുമാണ് പിന്റു. ഇയാളുടെ തലയ്ക്ക് പോലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മൂന്നു വർഷം മുന്പ് പാറ്റ്ന പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
സംഭവത്തിൽ ഏഴു ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി സിതാമർഹി ജയിൽ സൂപ്രണ്ട് രാജേഷ് കുമാർ റായി പറഞ്ഞു. അതേസമയം, എന്നാണു ജയിലിൽ ആഘോഷം സംഘടിപ്പിച്ചതെന്നു വ്യക്തമല്ല. മൊബൈൽ ഫോണിനു വിലക്കുള്ള ജയിലിലെ തടവുകാരുടെ കൈയിൽ ഫോണുകൾ എങ്ങനെ എത്തിയെന്നും വ്യക്തമല്ല.