കെ. ഷിന്റുലാല്‍
കോഴിക്കോട്: ജയിലുകളില്‍ കൊതുകുകള്‍ “സംഘര്‍ഷ സാധ്യത’ സൃഷ്ടിക്കുന്നതായി സൂപ്രണ്ടുമാര്‍. സെന്‍ട്രല്‍ ജയിലുകള്‍ മുതല്‍ സബ്ജയിലുകളില്വരെ കൊതുകുതിരി തടവുകാരുടെ കൈവശം എത്തുന്നതു തടയണമെന്ന് ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ജയില്‍ ജീവനക്കാരുടെ ഉറക്കം നഷ്ടപ്പെട്ടത്.
തടവുകാര്‍ക്ക് സെല്ലുകളില്‍ കൊതുകുതിരി ഉപയോഗിക്കാന്‍ നല്‍കാത്തതിനെ ചൊല്ലി പലയിടത്തും ജയില്‍ജീവനക്കാരും തടവുകാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നുണ്ട്.
സംസ്ഥാനത്തെ മിക്ക ജയിലുകളിലും കൊതുകുശല്യം രൂക്ഷമാണ്. കൊതുകുതിരി ഉപയോഗിക്കുന്നതിലൂടെയാണ് ഒരു പരിധിവരെ തടവുകാര്‍ക്ക് സെല്ലുകളില്‍ രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നത്.
എന്നാല്‍ കൊതുകുതിരിക്ക് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയതോടെ രാത്രിയില്‍ തടവുകാരുടെ ഉറക്കവും നഷ്ടമായി.
വിലക്കിനു പിന്നിൽ!
നിലവിലെ സാഹചര്യത്തില്‍ പല ജയിലുകളിലും ജീവനക്കാര്‍ ഭീതിയോടെയാണ് ഡ്യൂട്ടിയെടുക്കുന്നത്. കൊതുകുതിരി വിലക്കിയിട്ടും കൊതുകുശല്യം കുറയ്ക്കാനുള്ള നടപടിയും ജയില്‍വകുപ്പ് നിര്‍ദേശിച്ചിട്ടില്ല.
ഇതോടെ ജയില്‍ സൂപ്രണ്ടുമാര്‍ പകരം സംവിധാനത്തിനായി നെട്ടോട്ടമോടുകയാണ്. തടവുകാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചതോടെയാണ് സെല്ലുകളില്‍ കൊതുകുതിരിയടക്കം വിലക്കി ഈ മാസം അഞ്ചിന് ജയില്‍ ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്.
സെല്ലുകളില്‍ കഴിയുന്ന പ്രതികള്‍ കൊതുകുതിരി, കര്‍ച്ചീഫ്, സാനിറ്റൈസര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ എന്നിവ ഉപയോഗിച്ച് ആത്മഹത്യാശ്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജയില്‍ ചട്ടത്തില്‍ അനുശാസിക്കാത്ത ഇത്തരം സാധനങ്ങള്‍ തടവുകാരുടെ കൈവശം എത്തുന്നതു തടയുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മതിയായ പരിശോധന ഉണ്ടാകണമെന്നുമാണ് ഡിജിപിയുടെ നിര്‍ദേശം.
അതേസമയം സൂപ്രണ്ടുമാരില്‍ പലരും അതത് ഡിഐജിമാരോട് ഉത്തരവു നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കൊതുകുതിരി വിഷയത്തില്‍ ഡിജിപി പുറത്തിറക്കിയ ഉത്തരവു പിന്‍വലിക്കാത്ത പക്ഷം ജയിലില്‍ സംഘര്‍ഷാവസ്ഥയ്ക്കു വരെ സാധ്യതയുണ്ടാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.