വടകര: വടകര സബ് ജയിലില്‍ നിന്ന് റിമാന്‍ഡ് പ്രതി ജയില്‍ ചാടി. ഹെറോയിന്‍ കടത്തു കേസിലെ പ്രതി കണ്ണൂര്‍ പളളിമൂല സി.പി ഹൗസില്‍ മനാഫാണ് (29) ജയില്‍ ചാടിയത്. ജയിലിന്റെ കമ്പിവേലിക്കും ഓടിനും ഇടയിലുള്ള ഭാഗത്ത് കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം. ബാത്ത് റൂമിലേക്കു പോയ പ്രതി തിരിച്ചു വരാത്തതിനെ തുടര്‍ന്നു ജയിലധികൃതര്‍ നടത്തിയ പരിശോധയിനയിലാണ് പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തുന്നത്.
ചാടിപ്പോയ ഭാഗത്തുള്ള കനം കുറഞ്ഞ ഗ്രില്ല് വളച്ചിരിക്കുകയാണ്. ബാത്ത് റൂമിലേക്ക് എല്ലാ പ്രതികളും പോയി വന്നതിന് ശേഷമാണ് മനാഫിനെ വിട്ടത്. ആരും ഇല്ലാത്ത തക്കം നോക്കി ഇയാള്‍ ഗ്രില്ലിനും ഓടിനുമിടയിലുള്ള ഭാഗത്ത് കൂടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ എക്സൈസ് സംഘമാണ് പ്രതിയെ ഹെറോയിന്‍ സഹിതം കസ്റ്റഡിയിലെടുത്തത്. വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വെള്ളിയാഴ്ച രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആകെ 22 പ്രതികളാണ് ജയിലിലുള്ളത്. രണ്ടാമത്തെ സെല്ലിലാണ് മനാഫിനെ പാര്‍പ്പിച്ചത്.
ജയിലിനുള്ളില്‍ എല്ലാ ഭാഗത്തും സിസിടിവി കാമറ ഉണ്ടെങ്കിലും ബാത്ത് റൂമിന്റെ ഭാഗത്ത് സൂം ചെയ്താല്‍ മാത്രമെ ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ പറ്റുകയുള്ളൂവെന്ന് ജയിലധികൃതര്‍ പറഞ്ഞു. ഇതിനാല്‍ തന്നെ പ്രതി രക്ഷപ്പെടുന്നത് കാണാന്‍ കഴിഞ്ഞില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ജയില്‍ ഡിഐജി ശിവദാസ് തൈപറമ്പില്‍ സബ്ജയിലെത്തി പരിശോധന നടത്തി. സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.