കാട്ടാക്കട : നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് രണ്ട് കൊലക്കേസ് പ്രതികൾ തടവുചാടി. തേവൻകോട് അനക്സിൽ നിന്നുമാണ് ഇവർ രക്ഷപ്പെട്ടത്.
തിരുവനന്തപുരം വട്ടപ്പാറയിൽ എസ് എസ് എൽ സി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാട്ടാക്കട വീരണകാവ് സ്വദേശി രാജേഷും ഭാര്യയെ കൊന്ന കേസിലെ പ്രതി കന്യാകുമാരി കൊല്ലങ്കോട് സ്വദേശി ശ്രീനിവാസനുമാണ് ജയിൽ ചാടിയത്.
ഇന്നലെ രാത്രി എട്ടു മണിയോടെ യാണ് പ്രതികളെ കാണാനില്ല എന്ന വിവരം ജയിൽ അധിക്യതർക്ക് ലഭിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവരുടെ അസാന്നിധ്യം തിരിച്ചറിയുന്നത്.
തുടർന്ന് ജയിൽവളപ്പിൽ മിന്നൽ പരിശോധന നടത്തി. ഏതാണ്ട് 500 ഏക്കറോളം വരുന്നതാണ് ജയിൽ വളപ്പ്. ഇവിടെ കൃഷിയുമുണ്ട്. ക്യഷി ചെയ്യുന്നതിനായി തടവുകാർ പോകാറുണ്ട്.
ഇവിടെ ഒളിച്ചിരുന്ന് രക്ഷപ്പെട്ടതാകാമെന്ന് അധിക്യതർ കരുതുന്നു. ജയിൽ അധിക്യതർ നെയ്യാർഡാം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തു.
കൊലക്കേസിലെ പ്രതികളിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ നല്ല സ്വഭാവം പുലർത്തുന്ന പ്രതികളെയാണ് തുറന്നജയിലിൽ എത്തിക്കുന്നത്.
അവർക്ക് ഇവിടെ മതിയായ സ്വാതന്ത്യവും നൽകുന്നുണ്ട്. അതാണ് ഇവർ ദുരുപയോഗം ചെയ്യുന്നത് . കേരളത്തിലെ ആദ്യത്തെ തുറന്നജയിലാണ് നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിൽ. നെട്ടുകാൽത്തരിയിൽ മുഖ്യ ജയിലും തേവൻകോട് അതിന്റെ അനക്സുമാണ്.
പ്രതി രാജേഷ് കുമാറിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. രണ്ട് പ്രതികൾക്കുമായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.