കഞ്ചാവുകടത്തുകേസിൽ അമേരിക്കയിലുള്ള ടെക്സസിലെ ബോമോണ്ട് ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോഷ്വ ഹാൻസൻ എന്ന ഇരുപത്തഞ്ചുകാരൻ. ജയിലിലെ ഭക്ഷണം കഴിച്ചു മടുത്തപ്പോൾ ഇഷ്ടൻ ഒരു സാഹസം കാണിച്ചു. ആരും കാണാതെ ജയിൽ ചാടി. ജോഷ്വ ജയിൽചാടിയ വിവരം ജയിൽ അധികൃതരോ മറ്റു തടവുകാരോ അറിഞ്ഞില്ല.
ജയിൽ ചാടിയ ജോഷ്വ നേരേ പോയത് അടുത്തുള്ള ഒരു കർഷകന്റെ ഫാമിലേക്കാണ്. അയാൾ ചെന്ന സമയത്ത് അവിടെ ആരുമുണ്ടായിരുന്നില്ല. വീടു കുത്തിത്തുറന്ന് അടുക്കളയിൽ കയറി അവിടെ തയാറാക്കിവച്ചിരുന്ന ഭക്ഷണമെല്ലാം ഒരു ബാഗിൽ നിറച്ചു. പിന്നെ ഫ്രിഡ്ജിലുണ്ടായിരുന്ന മദ്യക്കുപ്പികളും ബാഗിലേക്കു മാറ്റി. ഇതെല്ലാം ചുമന്ന് ജോഷ്വ തിരിച്ച് ജയിലിലെത്തി. ഇറങ്ങിയ വഴിയേതന്നെ തിരിച്ചു കയറാൻ ശ്രമിച്ചു.
പക്ഷേ, പോലീസ് പൊക്കി. ബാഗ് പരിശോധിച്ച പോലീസുകാർ അന്പരന്നു. ഒരാൾക്ക് ഒരാഴ്ചത്തേക്കു കഴിക്കാനുള്ള ഭക്ഷണമുണ്ടായിരുന്നു അതിൽ. കൂട്ടത്തിൽ കുറച്ച് കഞ്ചാവും. കഞ്ചാവുകടത്തിന് ജയിൽശിക്ഷ അനുഭവിക്കുന്ന ജോഷ്വയുടെ പേരിൽ ജയിൽ ചാടിയതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും മോഷണത്തിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇനി അതിനുള്ള ശിക്ഷകൂടി അനുഭവിച്ചാലേ ജോഷ്വയ്ക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാൻ പറ്റൂ.