ചാവക്കാട്: പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ മൂന്നു കുട്ടിക്കള്ളന്മാർ 24 മണിക്കൂറിനകം പിടിയിലായി. കന്നുകാലി മോഷണകേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നാലുപേരിൽ മൂന്നുപേരാണ് ചൊവ്വാഴ്ച രാത്രി ചാവക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്.
ഇവരിൽ പാലപ്പെട്ടി മാലിക്കുളം ഫർഷാദ് (20), പാലക്കാട് മങ്കരയിൽ നിന്ന് ഇന്നലെ രാവിലെയും, കടപ്പുറം പുളിഞ്ചോട് ഷഹറൂഫിനെ (19) ഒലവക്കോട് നിന്നും, കടപ്പുറം സുനാമി കോളനി കൂട്ടിലായി നാഫിലിനെ (19) രാത്രി വൈകി എറണാകുളത്തുനിന്നുമാണ് പിടിച്ചത്. മൂന്നുപേരെയും ചാവക്കാട് സ്റ്റേഷനിൽ തിരിച്ചെത്തിച്ചു.
തീരമേഖലയിൽ നടന്ന കന്നുകാലി മോഷണ കേസിലാണ് തൊയക്കാവ് രായമരക്കാർ വീട്ടിൽ ജാബീർ (44) ഉൾപ്പടെ നാലുപേരെ കഴിഞ്ഞ 19ന് അറസ്റ്റുചെയ്തത്. ഇവരെ തെളിവെടുപ്പിനായി ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി. രോഗത്തെ തുടർന്ന് ജാബീറിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുമൂന്നുപേരെ സ്റ്റേഷനിൽ കൊണ്ടുവന്നു. ഇന്നലെ തെളിവെടുപ്പ് നടത്താനായിരുന്നു സ്റ്റേഷനിൽ മൂന്നുപേരെയും പാർപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ മൂന്നുപേരും മുന്പ് ശുചിമുറിയായി ഉപയോഗിച്ചിരുന്ന മുറിയുടെ ചുമരിന്റെയും ഷീറ്റിന്റെയും ഇടയിലൂടെ ചാടിപ്പോയത്. പൂരം പ്രമാണിച്ച് കൂടുതൽ പോലീസുകാർ തൃശൂരിലായിരുന്നു. മൂന്നു പോലീസുകാർ മാത്രമാണ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. പ്രതികൾ രക്ഷപ്പെട്ട വിവരം രാത്രി 11.30നാണ് അറിഞ്ഞത്. ഉടൻ തെരച്ചിൽ തുടങ്ങി. പ്രതികളിൽ ഫർഷാദും, ഷഹറൂഫും മോഷ്ടിച്ച ബൈക്കിൽ പോകുന്നതിനിടെ വാഹന പരിശോധനയിലാണ് പാലക്കാട് മങ്ങര പോലീസ് പിടികൂടിയത്.
ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഫർഷാദിനെ മങ്കര പോലീസ് പിടികൂടി.ഷഹ്റൂഫ് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് പാലക്കാട് എത്തിയ ചാവക്കാട് പോലീസ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകിട്ട് ഷഹറൂഫിനെ പിടിച്ചു. ഇവരിൽ നിന്നുമറിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് കല്ലൂരിൽ നിന്നാണ് നാഫിലിനെ പിടികൂടിയത്.
ചാവക്കാട് പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്നു പ്രതികൾ ചാടിപ്പോയ സംഭവം. ഇതിനുമുന്പ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങി ഓടിയ സംഭവം ഉണ്ടായിട്ടുണ്ട്. പ്രതികൾ രക്ഷപ്പെട്ടത് ചാവക്കാട് പോലീസിന് കളങ്കമായെങ്കിലും 24 മണിക്കൂറിനകം മൂന്നുപേരെയും പിടികൂടിയത് പോലീസിന് പൊൻ തൂവലായി.