കോട്ടയം: കോട്ടയത്ത് കൊലക്കേസ് പ്രതിയ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ നടപടി ഉണ്ടായേക്കും.
ശനിയാഴ്ച പുലർച്ചെ ജയിൽ ചാടിയ കൊലക്കേസ് പ്രതി ഓട്ടോ ഡ്രൈവർ മീനടം മോളയിൽ ബിനുമോനെ (36) അന്നു രാത്രി 8.30നു തന്നെ ഇയാളുടെ വീടിനു സമീപത്ത് നിന്നു പോലീസ് പിടികൂടിയിരുന്നു.
സംഭവത്തിൽ ജയിൽ അധികൃതരുടെ ഭാഗത്തു നിന്നു സുരക്ഷ വീഴ്ചയുണ്ടായതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യതയേറിയത്.
പുലർച്ചെ ജയിലിൽ വൈദ്യുതി മുടങ്ങിയ സമയത്താണ് ഇയാൾ ജയിൽ ചാടിയത്. ജയിലിൽ പാചക ജോലിയ്ക്കു നിയോഗിക്കപ്പെട്ടിരുന്ന ബിനു ഉൾപ്പെടെ അഞ്ചു പ്രതികളെ രാവിലെ 4.30ന് സെല്ലിൽനിന്നു പുറത്തിറക്കിയിരുന്നു.
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോയതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിന്റെ കിഴക്കു ഭാഗത്തു പലക മതിലിലേക്കു ചാരി കയറി അവിടെനിന്നു കേബിൾ വഴി തൂങ്ങി പുറത്തുകടന്നത്.
തുടർച്ചയായി ജാമ്യം നിഷേധിച്ചതോടെ ബിനുമോൻ കടുത്ത നിരാശയിലായിരുന്നു. മക്കളെ കണ്ടതിനുശേഷം എവിടേക്കെങ്കിലും ഒളിവിൽ പോകാനായിരുന്നു ഇയാൾ പദ്ധതി തയാറാക്കിയിരുന്നത്.
ജയിൽ ചാടിയശേഷം കഞ്ഞിക്കുഴിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തി സഹായം അഭ്യർഥിച്ചു. എന്നാൽ ജയിൽ ചാടി വന്ന വിവരം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ ബിനുമോൻ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു.
തുടർന്നു വഴിയിലുടെ എത്തിയ ഇരുചക്ര വാഹന യാത്രക്കാരോട് ലിഫ്റ്റ് ചോദിച്ചാണ് മീനടത്തുള്ള വീടിന്റെ പരിസരത്ത് വരെ എത്തിയത്.
മക്കളെ കാണുന്നതിനു വീടിനു സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ വൈകുന്നേരം വരെ ഒളിച്ചിരുന്നിട്ടും ബിനുമോനു മക്കളെ കാണാൻ സാധിച്ചില്ല. നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടികൂടുകയും ചെയ്തു.
കഴിഞ്ഞ ജനുവരി 17നു കോട്ടയം കളക്ടറേറ്റിനുസമീപം മുട്ടന്പലം ഉറുന്പനത്ത് ഷാൻ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവവുമായി ബന്ധപ്പെട്ടാണു ബിനുമോനെ പ്രതി ചേർത്തിരുന്നത്.
കേസിൽ മുഖ്യ പ്രതിയായ ജോമോനൊപ്പം ബിനുമോനുമുണ്ടായിരുന്നു. ജയിൽ ചാടി പ്രതിയായതിനാൽ ബിനുമോനെ അതീവ സുരക്ഷ ജയിലായ വിയ്യൂരിലേക്ക് മാറ്റി.