തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ തടവുകാരനെ കണ്ടെത്താനാകാതെ പോലീസും വട്ടംകറങ്ങുന്നു. ജയിൽ ജീവനക്കാരുടെ വിശ്വസ്തനായ തടവുകാരനായി കഴിഞ്ഞിരുന്ന എറണാകുളം പുത്തൻകുരിശ് സ്വദേശി രഞ്ജനാണ് കൃഷിയിടത്തിലേക്ക് ട്രാക്ടറോടിക്കാൻ വിട്ടപ്പോൾ കടന്നു കളഞ്ഞത്.
തടവുകാരൻ ജയിൽ ചാടിയിട്ട് അഞ്ചു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. എറണാകുളത്തെ വീട്ടിലും ബന്ധുവീടുകളിലുമൊക്കെ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായും ഇയാൾ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന.
വാഹന പരിശോധനകളും മറ്റും കർശനമാക്കി എല്ലാ അന്വേഷണവും നടത്തിയിട്ടും തടവുകാരൻ ഇപ്പോഴും ഒളിവിൽ തന്നെയാണ്. രണ്ട് സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ജയിലിൽ നിന്നും രക്ഷപെട്ടയുടൻ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നും സംശയിക്കുന്നു. ഫോണ് ഉപയോഗിച്ചാൽ പെട്ടന്ന് കണ്ടെത്താനാകും. എന്നാൽ ആരുമായും ഇയാൾ ബന്ധപ്പെട്ടതായി വിവരമില്ല.
ഇതിനിടെ തടവുകാരൻ രക്ഷപെട്ട സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. അടുത്ത ദിവസം തന്നെ ഡിജിപി ജീവനക്കാർക്കെതിരെയുള്ള നടപടികൾ പ്രഖ്യാപിക്കും. തടവുകാരനെ കിട്ടാത്ത സാഹചര്യത്തിൽ ജയിൽ ജീവനക്കാരെ നിർബന്ധമായും സസ്പെൻഡ് ചെയ്യണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഡിഐജി ജയിൽ ഡിജിപിക്ക് കൈമാറിയിരുന്നു.
വിശ്വസ്തൻമാരായി ഇനി ആരെയും കാണേണ്ടെന്നും എല്ലാവരെയും കർശനമായി നിരീക്ഷിക്കണമെന്നും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ഉത്തരവാദിത്വത്തിലുള്ള ജോലി ചെയ്യാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജയിൽ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.