ഭോപ്പാൽ: മധ്യപ്രദേശില്‍ കോഴിക്കറി വയ്ക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചു കൊലപ്പെടുത്തി. ഷഹദോള്‍ ജില്ലയിലെ സെമാരിയതോള ഗ്രാമവാസിയായ കമലേഷ് കോള്‍(40) ആണ് ഭാര്യ റംബായ് കോളിനെ(23) കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 23ന് രാത്രി വീട്ടിലെത്തിയ കമലേഷ് ഭാര്യയോട് കോഴിക്കറി വയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ ഇതു വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ കമലേഷ് ഭാര്യയെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ റംബായ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാല്‍ ഭാര്യ അപകടത്തില്‍ പരിക്കേറ്റു മരിച്ചുവെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
പക്ഷെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കമലേഷ് കുറ്റം സമ്മതിക്കുകയായിരുന്നു.