തളിപ്പറമ്പ്: സെൻട്രൽ ജയിൽ ഭക്ഷ്യവസ്തുക്കളുടെ തളിപ്പറമ്പിലെ വിതരണം നിർത്തലാക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബസ് സ്റ്റാൻഡ് പരിസരത്ത് സെൻട്രൽ ജയിലിലെ ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 14നാണ് നഗരസഭാ സെക്രട്ടറി ജയിൽ സൂപ്രണ്ടിന് കത്തയച്ചത്. ബസ്സ്റ്റാൻഡ് പരിസരത്ത് വാഹനം നിർത്തി ഇവ വിൽക്കുന്നത് കാരണം ഗതാഗത തടസമുണ്ടാകുന്നു.
ഭക്ഷ്യോത്പന്നങ്ങൾ വിൽക്കാൻ ലൈസൻസില്ലാത്തതിനാൽ പ്രവർത്തനം നടത്താൻ അനുവദിക്കില്ല എന്നീ കാര്യങ്ങളാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.പ്രതിദിനം ശരാശരി 80,000 രൂപയാണ് തളിപ്പറമ്പിൽ സെൻട്രൽ ജയിൽ കൗണ്ടറിലെ വിൽപ്പന. കഴിഞ്ഞ ഒന്നര വർഷമായി യാതൊരു പ്രശ്നങ്ങളുമില്ലാതെ ജനപ്രീതി നേടി പ്രവർത്തിച്ചു വരുന്ന വിൽപ്പന കൗണ്ടർ ബേക്കറി- ഹോട്ടൽ വ്യാപാരികളുടെ സമ്മർദ്ദം കാരണമാണ് നഗരസഭ തളിപ്പറമ്പിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.
സെൻട്രൽ ജയിലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ എഫ്എസ്എസ് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഫ്രീഡം ഫുഡ് ഫാക്ടറി എന്ന കേന്ദ്രീകൃത സംവിധാനത്തിന്റെ കീഴിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ വിവിധ നഗരങ്ങളിൽ വിറ്റഴിക്കുന്നതിന് ജയിൽ വകുപ്പിന് സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് 27 ന് നഗരസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ പറയുന്നു.
2017 ജൂലായ് രണ്ടിന് തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിക്കും തഹസിൽദാർക്കും തളിപ്പറമ്പ് സിഐക്കും രേഖാമൂലം അപേക്ഷ നൽകിയാണ് മൊബൈൽ സെയിൽസ് കൗണ്ടർ ആരംഭിച്ചതെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു. ലൈസൻസിന്റെ മാനദണ്ഡം അറിയിക്കണമെന്നും ഗതാഗതതടസം ഉണ്ടാകുന്നുണ്ടെങ്കിൽ നഗരസഭ കാണിച്ചുതരുന്ന പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന മറ്റൊരിടത്ത് വിൽപ്പന കൗണ്ടർ മാറ്റാമെന്നും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നൂറുകണക്കിനു കടകളും മറ്റ് തെരുവോര കച്ചവടങ്ങളും തടസമില്ലാതെ നടക്കുന്ന തളിപ്പറമ്പിൽ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ജയിൽ വകുപ്പിന്റെ സെയിൽസ് കൗണ്ടർ മാറ്റാനുള്ള ഏത് നീക്കവും ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.രാഹുൽ പ്രസ്താവനയിൽ അറിയിച്ചു.