വിയ്യൂർ: അടച്ചുറപ്പും ബന്തവസുമുള്ള കാരാഗൃഹത്തിലും കോവിഡ് ആക്രമണം. വിയ്യൂർ സെൻട്രൽ ജയിലിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഉദ്യോഗസ്ഥനടക്കമുള്ളവർക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്.
ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം ജയിലിൽ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. യാതൊരു വിധ രോഗലക്ഷണങ്ങളുമില്ലാത്തവരാണ് ഇവരെല്ലാം. കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.
പേടിവേണ്ട….
വിയ്യൂർ സെൻട്രൽ ജയിലിൽ പത്തിലേറെ പേർക്ക് കോവിഡ് പോസിറ്റീവായെന്ന വാർത്ത പുറത്തു വന്നതോടെ പലരും ചോദിച്ചത് ഇനി ജയിൽ ചപ്പാത്തി വാങ്ങിയാൽ കോവിഡ് പിടിക്കുമോ എന്നായിരുന്നു.
ഫ്രീഡം ഫുഡ് ഫാക്ടറി എന്ന പേരിൽ തയ്യാറാക്കുന്ന ചപ്പാത്തിയും മറ്റു ഭക്ഷ്യവിഭവങ്ങളും നിരവധി പേരാണ് ജയിൽ കൗണ്ടറിൽ നിന്നും ദിവസേന വാങ്ങുന്നത്.
എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ജയിലിൽ ചപ്പാത്തി ഉണ്ടാക്കുന്നതെന്നും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവരെ മാത്രമാണ് ചപ്പാത്തി നിർമാണ യൂണിറ്റിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും വിയ്യൂർ ജയിൽ സൂപ്രണ്ട് പറഞ്ഞു.