ജയ്പുർ: രാജസ്ഥാനിൽ പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ എട്ട് പോലീസുകാർക്കെതിരേ കേസ്. ജുൻജുനു ജില്ലയിലെ മന്ദ്രേല പോലീസ് സ്റ്റേഷൻ പരിധിയിൽ മേയ് 29നായിരുന്നു സംഭവം. സംഭവത്തിൽ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തിരുന്നു.
മന്ദ്രേല പോലീസ് സ്റ്റേഷനിൽ നൽകിയ പീഡന പരാതിയെത്തുടർന്ന് മേയ് 24ന് ജയ്പുരിൽനിന്ന് കോട്പുത്ലി സ്വദേശിയായ ഗൗരവ് ശർമ (30) യെ അറസ്റ്റ് ചെയ്തിരുന്നു.
അടുത്ത ദിവസം, കോടതി പ്രതിയെ അഞ്ചു ദിവസത്തെ റിമാൻഡിൽ പോലീസിനു കൈമാറി. മേയ് 29ന് പോലീസ് കസ്റ്റഡിയിൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.