ഒറ്റയ്ക്ക് കഴിയാന്‍ പേടി, ജയിലില്‍ ആള്‍ദൈവം കരച്ചിലോട് കരച്ചില്‍, കോടികള്‍ അമ്മാനമാടിയിരുന്ന സ്വാമിക്ക് തോട്ടപ്പണിക്കാരന്റെ ജോലി, ദിവസ ശമ്പളം 40 രൂപ! സഹ തടവുകാരന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ബലാത്സംഗക്കേസില്‍ കഠിനതടവിനു ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിം ജയിലില്‍ മുഴുവന്‍ സമയവും നിലവിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇയാള്‍ക്കൊപ്പം കഴിഞ്ഞ തടവുകാരന്റെ വെളിപ്പെടുത്തല്‍. അഞ്ചു ദിവസം ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ കഴിഞ്ഞ ദളിത് ആക്ടിവിസ്റ്റ് സ്വദേശ് കിരാദാണ് ഇക്കാര്യം പറഞ്ഞത്. ജയിലിലെ തോട്ടപ്പണിക്കാരന്റെ ജോലിയാണ് ഗുര്‍മീതിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ കൂലിയായ 40 രൂപയും ദിവസവും നല്‍കും. ഫാക്ടറി ജോലിയോ തോട്ടപ്പണിക്കാരന്റെ ജോലിയോ ചെയ്യണമെന്നാണ് ഗുര്‍മീതിന് ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. അവസാനം തോട്ടപ്പണിക്കാരന്റെ ജോലി ഗുര്‍മീത് ഏറ്റെടുക്കുകയായിരുന്നു.

ഗുര്‍മീതിനെ പാര്‍പ്പിച്ചിരുന്ന അതീവ സുരക്ഷാ സെല്ലിനു സമീപമാണ് കിരാദിനെയും പാര്‍പ്പിച്ചിരുന്നത്. ജയിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗുര്‍മീത് രാത്രിയിലും നിലവിളിക്കുന്നതു കേള്‍ക്കാമായിരുന്നെന്ന് കിരാദ് പറയുന്നു. ഒന്പതു മാസത്തെ ജയില്‍വാസത്തിനുശേഷം ബുധനാഴ്ചയാണ് കിരാദ് പുറത്തുവന്നത്. എന്റെ തെറ്റ് എന്താണ്, എന്താണ് ഞാന്‍ ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് ഏതുസമയവും ഗുര്‍മീത് ഉച്ചത്തില്‍ ചോദിക്കുന്നത്. രാത്രിയില്‍ തന്നെ സെല്ലില്‍ പൂട്ടിയിടരുതെന്നും തനിക്ക് പേടിയാണെന്നും ഗുര്‍മീത് വിലപിക്കുന്നതു കാണാം- കിരാദ് പറയുന്നു.

ജയിലിലെ എല്ലാ തടവുകാര്‍ക്കും അവരുടെ അക്കൗണ്ടുകളുണ്ട്. അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാല്‍ ജയില്‍ കാന്റീനില്‍നിന്നു കുപ്പിവെള്ളം ലഭിക്കും. അദ്ദേഹം ജയില്‍ ഭക്ഷണം കഴിക്കാറില്ല. എന്നാല്‍ ജയില്‍ നിയപ്രകാരമുള്ള പഴങ്ങള്‍ ഗുര്‍മീതിനു നല്‍കാറുണ്ടെന്നും കിരാദ് കൂട്ടിച്ചേര്‍ത്തു. ബന്ധുക്കളുമായി സംസാരിക്കാനും ഫോണ്‍ ചെയ്യാനും ജയില്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുര്‍മീതിന്‍റെയും ഹണിപ്രീതിന്റെയും ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ഇന്ത്യയില്‍ വെള്ളിയാഴ്ച രാവിലെ മുതലാണ് അക്കൗണ്ട് കാണാതായത്. ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍’ഹണിപ്രീതിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിച്ചതോടെ ഇന്ത്യയില്‍ ആര്‍ക്കും ഗുര്‍മീതിന്റെറ അക്കൗണ്ട് കാണാനോ ട്വീറ്റുകള്‍ വായിക്കാനോ കഴിയില്ല. എന്നാല്‍ വിദേശത്ത് ഗുര്‍മീതിന്റെ അനുയായികള്‍ക്ക് ഗുര്‍മീതിന്റെ അക്കൗണ്ടിലേക്കു പ്രവേശനം സാധ്യമാണ്. 36 ലക്ഷം ഫോളോവേഴ്‌സാണു ഗുര്‍മീതിനു ട്വിറ്ററിലുള്ളത്. അതേസമയം, ഗുര്‍മീതിന്‍റെ ഫേസ്ബുക്ക് പേജ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. 7.5 ലക്ഷം ആളുകളാണ് ഗുര്‍മീതിന്റെ പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. തങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് ട്വിറ്റര്‍ ഗുര്‍മീതിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്നു ഹരിയാന പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ദേരയുമായി ബന്ധമുള്ള മറ്റ് അക്കൗണ്ടുകള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts