കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്തെ ജയില്‍ വകുപ്പിന്റെ ഫേസ്ബുക്ക് അക്കൗണ്ടും വെബ്സൈറ്റും യഥാസമയം അപ്ഡേറ്റ് ചെയ്യണമെന്ന് ഡിജിപിയുടെ നിര്‍ദേശം.
ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ജയില്‍ ആസ്ഥാനത്തെ എല്ലാ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രിസണ്‍ കണ്ട്രോള് റൂം, ടെക്നിക്കല്‍ സെല്‍ എന്നിവയ്ക്കും നിര്‍ദേശം നല്‍കിയത്.
വെബ്സൈറ്റിലും ഫേസ്ബുക്കിലും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ. കൂടാതെ ജയില്‍വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇത് പ്രായോജനമാകും.
ഇതിനായി ആസ്ഥാന കാര്യാലയത്തിലെ ടെക്നിക്കല്‍ സെല്ലിനെ ഡിജിപി ചുമതലപ്പെടുത്തി. ജയില്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളുടെ വിവരണം, ഫോട്ടോ, പത്രവാര്‍ത്തകള്‍ , ചാനല്‍ വാര്‍ത്തകള്‍, ജയില്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വീഡിയോകള്‍, പുതിയ സ്ഥാപന മേധാവികള്‍ ചുമതല ഏല്ക്കുമ്പോള് അവരുടെ ഫോട്ടോ എന്നിവ അന്നേ ദിവസം തന്നെ സ്ഥാപന മേധാവികള്‍ ടെക്നിക്കല്‍ സെല്ലില്‍ മെയില്‍ വഴി ലഭ്യമാക്കണമെന്നും നിര്‍ദേശം നല്കി.
വെബ്സൈറ്റ്, ഫേസ്ബുക്ക് എന്നിവയില്‍ പോസ്റ്റ് ചെയ്യേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് എല്ലാ ദിവസവും 11 ന് ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ യോഗം ചേരണം.
യോഗ വിവരങ്ങള്‍ സഹിതം ജയില്‍ ആസ്ഥാനത്തെ ഡിഐജിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അക്കാര്യം ഡിഐജിയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണം.
ആസ്ഥാനത്തെ സെക്ഷന്‍ സൂപ്രണ്ടുമാര്‍ പുറത്തിറക്കുന്ന സര്‍ക്കുലറുകള്‍, ഉത്തരവുകള്‍, ട്രാന്‍സ്ഫര്‍ ഉത്തരവുകള്‍, സീനിയോറിറ്റി ലിസ്റ്റ് എന്നിവയും ടെക്നിക്കല്‍ സെല്ലിലേക്ക് മെയില്‍ ചെയ്ത് അയയ്ക്കണം.
ഫേസ്ബുക്ക്, വെബ്സൈറ്റ് എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ ജീവനക്കാരും അറിയിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ വ്യക്തമാക്കി.