സ്വന്തംലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ സ്വാദ് കൂട്ടി “മയക്കാന്‍’ ജയില്‍വകുപ്പ്. രണ്ട് മാസം മുമ്പ് പുതുക്കിയ ഭക്ഷണക്രമത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയാണ് ജയില്‍ വകുപ്പ് രുചി വര്‍ധിപ്പിച്ചത്.
കടുക്, ജീരകം, ഉലുവ എന്നിവയുടെ അളവ് കൂടുതലാക്കി നല്‍കാനാണ് ജയില്‍ ഡിജിപി ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കിയത്.
കടുകും ജീരകവും ഉലുവയും നേരത്തെ അനുവദിച്ചിരുന്നെങ്കിലും മുമ്പുള്ള അളവിനേക്കാള്‍ 100 മില്ലിഗ്രാം അധികമായി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്.
ഓഗസ്റ്റില്‍ പരിഷ്കരിച്ച ഡയറ്റ് സ്കെയില്‍ പ്രകാരമാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. ഇത് പ്രകാരം ഉപ്പുമാവിന് ഗ്രീന്‍പീസ് കറിയും കുട്ടിക്കുറ്റവാളികള്‍ക്ക് ചായക്കൊപ്പം കൊഴുക്കട്ടയുമാണ് നല്കി വരുന്നത്.
നേരത്തെ അനുവദിച്ച പഴത്തിന് പകരമാണ് ഉപ്പുമാവിന് ഗ്രീന്‍പീസ് കറി അനുവദിച്ചത്. ഡയറ്റ് പരിഷ്കരിച്ചത് വഴി ഒരു തടവുകാരന് 450 ഗ്രാം അരി നല്‍കിയിരുന്നത് 400 ഗ്രാമാക്കി കുറച്ചിരുന്നു.
ചോറ് പാഴാകുന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം. ഉപ്പ് 40 ഗ്രാമില്‍ നിന്ന് 20 ഗ്രാമായും 340 ഗ്രാം കപ്പ അനുദിച്ചിരുന്നത് 250 ഗ്രാമായും കുറച്ചാണ് നല്‍കുന്നത്.
അതേസമയം റവയുടെ അളവ് 150 ഗ്രാമില്‍ നിന്ന് 200 ഗ്രാമായി കൂട്ടിയാണ് ഇപ്പോള്‍ നല്കി വരുന്നത്.