തൃശൂർ: ജീവപര്യന്തം തടവുകാരനായ തിരുവനന്തപുരം സ്വദേശിയെ വിയ്യൂർ സെൻട്രൽ ജയിലിൽ പകൽസമയത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.തടവുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 2016 ഒക്ടോബർ 31 മുതലുള്ള പലിശയും അഞ്ചുലക്ഷം രൂപയ്ക്കൊപ്പം അനന്തരാവകാശികൾക്കു മൂന്നുമാസത്തിനകം നല്കണമെന്നു കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു.
തിരുവല്ലം പൂങ്കുളം ആനക്കുഴി ചരുവിള പുത്തൻവീട്ടിൽ അശോകനെ(42)യാണ് പകൽസമയത്തു സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അശോകൻ ആത്മഹത്യ ചെയ്തതാണെന്ന ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിനെക്കുറിച്ച് കമ്മീഷൻ സംശയം പ്രകടിപ്പിച്ചു. വിയ്യൂർ സെൻട്രൽ ജയിൽ അന്തേവാസികളുടെ പേരിൽ കമ്മീഷനു ലഭിച്ച രണ്ടുപരാതികളിൽ അശോകന്റെ മരണം കൊലപാതകമാണെന്നു പറയുന്നുണ്ട്. ജയിലിൽ പകൽസമയത്തു നടന്ന മരണത്തെക്കുറിച്ച് കുറ്റമറ്റ നിലയിൽ അന്വേഷണം നടത്താൻ സംസ്ഥാന ജയിൽ മേധാവിയെ കമ്മീഷൻ ചുമതലപ്പെടുത്തി.
അശോകന്റെ ഇടതുചെവിയിലും കവിളിലുമായി ഉണങ്ങിയ നിലയിൽ രണ്ടു മാരക മുറിവുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ജയിലിൽ കഴിയുന്പോൾ മാരകമായി മുറിവേറ്റ അശോകനെ തൃശൂർ മെഡിക്കൽ കോളജിൽ 2016 സെപ്റ്റംബർ എട്ടുമുതൽ 19 വരെ ചികിത്സിച്ചതായും രേഖയുണ്ട്. മരണത്തിന് ഒരുമാസം മുന്പ് ജയിലിൽ നടന്ന സംഘട്ടനത്തിലാണ് അശോകനു മാരകമായി മുറിവേറ്റത്.
അശോകനെ മാരകമായി മുറിവേല്പിച്ചവരുടെ ഉദ്ദേശ്യം ജയിൽ സൂപ്രണ്ട് കമ്മീഷനു സമർപ്പിച്ച റിപ്പോർട്ടിൽ വിലയിരുത്തിയിട്ടില്ല. അശോകനെ മുറിവേല്പിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ജയിലിനുള്ളിൽ എങ്ങനെ ലഭ്യമായെന്ന് അന്വേഷിക്കണമെന്നു കമ്മീഷൻ ആവശ്യപ്പെട്ടു. ചികിത്സയ്ക്കുശേഷം അശോകനെ പരോളിൽ അയച്ചു. തിരിച്ചെത്തിയപ്പോൾ ഏകാന്ത സെല്ലിൽ പാർപ്പിച്ചു.
ഏകാന്തസെല്ലിൽ പ്രവേശിപ്പിച്ചതും പെട്ടെന്നുള്ള മരണവും സ്വാഭാവിക നീതിക്ക് അനുസൃതമായി പുനരന്വേഷിക്കണമെന്നു കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ജയിലിനുള്ളിലെ അകാല മരണം തടയാൻ സർക്കാർ സംവിധാനം വിജയിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.ദേശീയ മനുഷ്യാവകാശ കമ്മീഷനും സുന്ദരവും തമ്മിലുള്ള കേസിൽ മദ്രാസ് ഹൈക്കോടതിയും, ബനലതദാസും ഒറീസ സംസ്ഥാനവും തമ്മിലുള്ള കേസിൽ ഒറീസ ഹൈക്കോടതിയും ജയിലിൽ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെട്ട തടവുകാരന്റെ അനന്തരാവകാശികൾക്കു നഷ്ടപരിഹാരം അനുവദിച്ച മുൻകാല ഉത്തരവുകൾ കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
അശോകന്റെ ഭാര്യയെയും മാതാപിതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ തിരുവനന്തപുരം ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ ഒരുമാസത്തിനകം അറിയിക്കണം. പരേതന്റെ മൃതദേഹം സംസ്കരിക്കാൻ പണമില്ലാത്തതിനാൽ എറണാകുളത്തുള്ള ഏകമകന്റെ സമ്മതത്തോടെ ജയിൽ അധികൃതരാണ് സംസ്കരിച്ചത്. എന്നാൽ, മകന്റെ വിലാസം ജയിൽ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചിട്ടില്ല.
മകനു പ്രായപൂർത്തിയായില്ലെങ്കിൽ നഷ്ടപരിഹാരത്തിൽനിന്നുള്ള രണ്ടുലക്ഷം രൂപ മകന്റെ പേരിൽ സ്ഥിരനിക്ഷേപമാക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഓരോ ലക്ഷം തുല്യമായി വീതിക്കണം. മകന്റെയും ഭാര്യയുടെയും വിലാസം കമ്മീഷനെ അറിയിച്ചിട്ടില്ലാത്തതിനാൽ ഉത്തരവിന്റെ പകർപ്പ് വിയ്യൂർ ജയിൽ സൂപ്രണ്ട് ഭാര്യയ്ക്കും മകനും എത്തിച്ചു നല്കിയശേഷം ഒരുമാസത്തിനകം കമ്മീഷനു വിശദീകരണം നൽകണം. കേസ് ജൂലൈ 21-ന് വീണ്ടും പരിഗണിക്കും.