പാരീസ്: ഫ്രാൻസിലെ കൊടുംകുറ്റവാളി റെഡോയിൻ ഫെയ്ദ് വീണ്ടും ജയിൽ ചാടി. ഹോളിവുഡ് സിനിമാ സ്റ്റൈലിൽ ജയിലിൽനിന്നു ഹെലിക്കോപ്റ്ററിലായിരുന്നു ഫെയ്ദിന്റെ രക്ഷപ്പെടൽ. ഇയാൾക്കായി പാരീസ് നഗരം മുഴുവൻ വലവിരിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് പോലീസ് അറിയിച്ചു.
കൂട്ടാളികളായ മൂന്നു കുറ്റവാളികളെ കൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ തോക്കിൻമുനയിൽ ബന്ദികളാക്കിയാണ് ഫെയ്ദ് പാരീസ് പ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ജയിലിൽനിന്നു ചാടിയത്. ജയിൽമുറ്റത്ത് ഹെലിക്കോപ്റ്റർ ഇറങ്ങുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ തയാറെടുക്കുന്പോഴേയ്ക്കും ഫെയ്ദ് രക്ഷപ്പെട്ടിരുന്നു.
ഈ ഹെലിക്കോപ്റ്റർ പിന്നീട് പാരീസിന്റെ വടക്കുകിഴക്കൻ പ്രാന്തനഗരത്തിൽ കണ്ടെത്തി. ഫെയ്ദിനെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കവർച്ചാകേസിൽ 25 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഫെയ്ദ് 2013-ലും ജയിൽ ചാടിയിരുന്നു. വടക്കൻ ഫ്രാൻസിലെ ലില്ലെയിലുള്ള സെക്വെദിൻ ജയിലിലായിരുന്ന ഇയാൾ നാലു ഗാർഡുകളേയും ഒരു ജയിൽ ഉദ്യോഗസ്ഥനേയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയശേഷം ജയിലിലെ അഞ്ച് ഇരുന്പുവാതിലുകൾ സ്ഫോടക വസ്തുക്കളുപയോഗിച്ച് തകർത്തു രക്ഷപ്പെടുകയായിരുന്നു.
അൾജീരിയയിൽ ജനിച്ച് ഫ്രാൻസിൽ പൗരത്വം നേടിയെടുത്തയാളാണ് ഫെയ്ദ്. ഹോളിവുഡ് ത്രില്ലറുകളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇയാൾ കുപ്രസിദ്ധ കവർച്ചക്കാരനായി മാറിയത്. ദേശീയപാതകളിൽ സായുധ ആക്രമണം നടത്തി ട്രക്കുകൾ കൊള്ളയടിച്ചതുൾപ്പെടെ നൂറുകണക്കിന് കേസുകൾ ഇയാളുടെ പേരിലുണ്ട്.
വിഖ്യാത അമേരിക്കൻ സിനിമകളായ സ്കാർഫേസ്, റിസർവോയേഴ്സ് ഡോഗ്സ്, ഹീറ്റ് തുടങ്ങിയ ത്രില്ലറുകളാണ് ഫെയ്ദിനെ ഏറെയും ആകർഷിച്ചത്. ഹീറ്റിലെ കേന്ദ്രകഥാപാത്രത്തെ അനുകരിച്ച് ഹോക്കിമാസ്കും ധരിച്ചായിരുന്നു ഇയാളുടെ കവർച്ചകളെല്ലാം.