നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നതായി ആരോപണം. സെല്ലില്‍ നടന് പ്രത്യേക ഭക്ഷണവും കുളിക്കാന്‍ ചൂടുവെള്ളവും ലഭിക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവം വിവാദമായതോടെ ജയില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോഷണക്കേസ് പ്രതിയെ സഹായിയായി വിട്ട് നല്‍കിയിട്ടുണ്ടെന്നും ജയില്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക ഭക്ഷണം ജയില്‍ അടുക്കളയിലെത്തിയാണ് ദിലീപ് കഴിക്കുന്നതെന്നും ദിലീപ് ഉള്‍പ്പെടെ നാല് പേരാണ് ദിലീപിന്റെ സെല്ലില്‍ ഉള്ളത്
ദിലീപിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് ദിലീപിന്റെ സഹായത്തിനായി ജയില്‍ അധികൃതര്‍ നിയോഗിച്ചിട്ടുള്ളത്. തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയവയാണു സഹായിയുടെ പണി. വിഐപി പരിഗണന സംബന്ധിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ജയിലിലെ കീഴ്വഴക്കം മറികടന്ന് തടവുകാരെല്ലാം ഭക്ഷണം കഴിച്ച ശേഷം ദിലീപിനെ പുറത്തിറക്കി പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. ജയില്‍ മെനു അനുസരിച്ചുള്ള ഭക്ഷണമല്ല ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കുന്നത്. ഈ ഭക്ഷണമാണ് ജയില്‍ അടുക്കളയിലെത്തിച്ച് ദിലീപിന് നല്‍കുന്നത്. ഒറ്റയ്ക്ക് കുളിക്കാനുള്ള സൗകര്യവും ദിലീപിന് ചെയ്തു കൊടുക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും അവസാനിച്ചതോടെയാണ് പ്രത്യേക സൗകര്യങ്ങള്‍ ദിലീപിന് ഏര്‍പ്പെടുത്തിയത്. ദിലീപിന് ജയില്‍ ചട്ടങ്ങള്‍ മറികടന്ന് സന്ദര്‍ശകരെ അനുവദിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. കൊലക്കേസ് പ്രതി അവധിദിനത്തില്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതും വിവാദമായിരുന്നു.