തൃശൂർ: ശസ്ത്രക്രിയ നടത്തിയിട്ടും അസ്വസ്ഥതകൾ തുടരുന്ന വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനെ തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിനു മുന്പിലെത്തിച്ച് അടിയന്തര ചികിത്സ നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തടവുകാരന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ജയിൽ ഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെ കമ്മീഷൻ വിമർശിച്ചു.
രണ്ടുതവണ ശസ്ത്രക്രിയയ്ക്കു വിധേയനായ തടവുകാരന്റെ സ്ഥിതി നേരിട്ടു ചോദിച്ചറിയാതെ തയാറാക്കിയ റിപ്പോർട്ട് സത്യസന്ധമല്ലെന്നും തടവിൽ കഴിയുന്ന ഒരാളിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കെ. മോഹൻകുമാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.വിയ്യൂർ സെൻട്രൽ ജയിലിലെ 2521-ാം നന്പർ തടവുകാരനായ വിൽസന്റെ പരാതിയിലാണ് നടപടി.
2014 സെപ്റ്റംബർ 30 നും 2016 ഡിസംബർ 23 നും വിൽസണ് തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് (സ്കോട്ടം ഹൈഡ്രോസിൽ) വിധേയനായിരുന്നു. തടവുകാരന്റെ രോഗവിവരം സംബന്ധിച്ച് അയാളുടെ മൊഴി രേഖപ്പെടുത്താതെ ഐജി റിപ്പോർട്ട് സമർപ്പിച്ച രീതി സ്വഭാവിക നീതിക്ക് ഇണങ്ങുന്നതല്ലെന്നു കമ്മീഷൻ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്നു കമ്മീഷൻ അറിയിച്ചു. തടവിൽ കഴിയുന്നയാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ചികിത്സിക്കാൻ പരിമിതിയുണ്ട്. തടവുകാരനായി തുടരുന്ന കാലയളവിൽ വേണ്ട ചികിത്സ നൽകാൻ സർക്കാരിനു ചുമതലയുണ്ടെന്നു കമ്മീഷൻ വ്യക്തമാക്കി. പരാതിക്കാരനു തന്റെ രോഗവിവരം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിനു രേഖാമൂലം പരാതി നൽകാമെന്നും കമ്മീഷൻ പറഞ്ഞു.
ഉത്തരവും റിപ്പോർട്ടും തൃശൂർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിഭാഗം മേധാവി സമർപ്പിച്ച റിപ്പോർട്ടും പരാതിക്കാരന് അടിയന്തരമായി നൽകിയ ശേഷം വിവരം കമ്മീഷനെ അറിയിക്കണമെന്നു വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനു കമ്മീഷൻ നിർദേശം നൽകി. ഉത്തരവ് ജയിൽ ഡിജിപിക്കും തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിനും അയച്ചുകൊടുത്തു.