കൊല്ലം :ജില്ലയിലെ ജയില്‍ അന്തേവാസികള്‍ക്കും സാക്ഷരതാ പഠനം ലഭ്യമാക്കുന്നു .നിരക്ഷരരായ ജയില്‍ അന്തേവാസികള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന സാക്ഷരതാ പഠന ക്ലാസ് ‘ജയില്‍ ജ്യോതിയുടെയും’ വായന കളരിയുടെയും ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര നഗരസഭാ അധ്യക്ഷ ബി. ശ്യാമളയമ്മ കൊട്ടാരക്കര സബ് ജയിലില്‍ നിര്‍വഹിച്ചു. സാക്ഷരതാമിഷനും കൊട്ടാരക്കര നഗരസഭയും ജയില്‍ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജയില്‍ അന്തേവാസികള്‍ക്ക് അക്ഷരങ്ങളുടെയും അറിവിന്റെയും വഴികളിലൂടെ സഞ്ചരിക്കാനുള്ള മികച്ച അവസരമാണ് ജയില്‍ ജ്യോതിയിലൂടെ ലഭ്യമായിരിക്കുന്നത്. സാക്ഷരതാ പഠനത്തിലൂടെ ലഭിക്കുന്ന അറിവ് ജയില്‍ വാസത്തിനു ശേഷമുള്ള മികച്ച ജീവിതത്തിന് വഴികാട്ടിയാകുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.വായന കളരിയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ഡി രാമകൃഷ്ണപിള്ള നിര്‍വഹിച്ചു.
ജയിലുകളില്‍ കഴിയുന്ന അന്തേവാസികളില്‍ ഒരാള്‍ പോലും നിരക്ഷരനാകരുത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും നടപ്പിലാക്കും. ആഴ്ചയില്‍ മൂന്നു ദിവസം സാക്ഷരതാ പ്രേരക്മാര്‍ ജയിലിലെത്തി ക്ലാസുകള്‍ നല്‍കും. 16 പേരെയാണ് സാക്ഷരതാ പഠനത്തിനായി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
വായനയുടെ പ്രാധാന്യം ജയില്‍ അന്തേവാസികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍ പറഞ്ഞു. വായനയുടെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തിക വി നാഥ് അധ്യക്ഷയായി. സബ് ജയില്‍ സൂപ്രണ്ട് കെ സോമരാജന് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് സൂപ്രണ്ട് പി ആര് മുരളീധരന് പിള്ള, സാക്ഷരതാ പ്രേരക്മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജയില്‍ അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.