ചണ്ഡീഗഡ്: ശരീരത്തിൽ തീവ്രവാദിയെന്ന് മുദ്രകുത്തിയെന്ന തടവുകാരന്റെ ആരോപണത്തില്‍ ജയില്‍ സുപ്രണ്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണ തടവുകാരൻ കരംജിത്ത് സിംഗ്(28) ആണ് പരാതിക്കാരന്. സംഭവത്തിൽ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മൻസ ജില്ലയിലെ ഒരു കോടതിയിലാണ് തടവുകാരൻ കരംജിത് സിംഗ് ജയിൽ സുപ്രണ്ടിനെതിരെ ആരോപണം ഉന്നയിച്ചത്. ജയിലിൽ തടവുകാരുടെ അവസ്ഥ ദയനീയമാണ്. എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കാറില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് താൻ പരാതിപ്പെടുമ്പോൾ ജയിൽ സൂപ്രണ്ട് ക്രൂരമായി മർദിക്കുമെന്നും കരംജിത്ത് ആരോപിച്ചു.
എന്നാൽ ആരോപണങ്ങളെല്ലാം ജയിൽ സൂപ്രണ്ട് ബൽബീർ സിംഗ് നിഷേധിച്ചു. ഇത്തരം വ്യാജ കഥകൾ മെനയാൻ കരംജിത്ത് സിംഗ് മിടുക്കനാണ്. ലഹരിമരുന്ന് കേസ് മുതൽ കൊലപാതക ശ്രമം വരെയുള്ള 11 കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് കരംജിത്ത് സിംഗ്.
ഇയാളുടെ ജയില്‍ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ നിന്നും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചുണ്ടെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.
ശരീരത്തിൽ തീവ്രവാദി എന്ന് എഴുതിയെന്ന കരംജീത്തിന്റെ ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താനും തടവുകാരനെ വൈദ്യപരിശോധന നടത്താനും ജയിൽ എഡിജിപി പി.കെ. സിൻഹയോടാണ് ഉപമുഖ്യമന്ത്രി രൺധാവ ഉത്തരവിട്ടത്. സംഭത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കൂടാതെ കരംജീത്തിന്റെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ പാടുകളും ചിത്രത്തിൽ കാണാം.
അതേസമയം, പഞ്ചാബിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് അകാലിദൾ വക്താവ് മഞ്ജീന്ദർ സിർസ ഭരണകക്ഷിയായ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.