ബെഹ്രംപുർ: ഒഡീഷയിൽ പീഡനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാൾ പരാതിക്കാരിയായ പെൺകുട്ടിയെ ജയിലിൽ വച്ച് വിവാഹം ചെയ്തു. പോളസര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോച്ചബാദി സ്വദേശി സൂര്യകാന്ത് ബെഹ്റയാണ് ഗഞ്ചം ജില്ലയിലെ കൊഡാലയിലെ സബ് ജയിലിൽ വച്ച് വിവാഹിതനായത്.
ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ കേസിൽ ഉൾപ്പെട്ടത്. വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിലുള്ള ചില തെറ്റിദ്ധാരണകൾ കാരണം, 22 കാരിയായ പെൺകുട്ടി സൂര്യകാന്തിനെതിരേ പീഡന പരാതി നൽകുകയായിരുന്നുവെന്നു പറയുന്നു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ജയിലിലായ ഇയാളെ വിവാഹം ചെയ്യാൻ പെൺകുട്ടി സമ്മതിച്ചതോടെയാണു വിവാഹം നടന്നത്.
വധൂവരന്മാരുടെ കുടുംബാംഗങ്ങളുടെയും നിരവധി പ്രമുഖരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജയിൽ വളപ്പിലെ വിവാഹം. ജയിൽ ഉദ്യോഗസ്ഥർതന്നെ ഒരുക്കിയ അലങ്കരിച്ച ഇലക്ട്രിക് വാഹനത്തിലാണ് വരൻ വേദിയിലെത്തിയത്. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം വരനെ വീണ്ടും ജയിലിലടച്ചു. വധു വീട്ടിലേക്കും മടങ്ങി.