മാവേലിക്കര: ജയിൽ ജീവനക്കാരനെ തടവുപുള്ളി മർദ്ദിച്ചു. മാവേലിക്കര സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ് ഓഫീസർ വിനീഷ്.വി(28)യ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. തടവുകാരെ ആഹാരം കൊടുത്ത് ബ്ലോക്കിനുള്ളിലേക്ക് കയറ്റുന്നതിനിടെ തടവുകാരനായ ചേരാവള്ളി സ്വദേശിയെയും കായംകുളം ചേരാവള്ളിൽ കാരൂർതെക്കതിൽ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണികൃഷ്ണൻ(43) വിനീഷിനെ മർദ്ദിക്കുകയായിരുന്നു.
ഉണ്ണികൃഷ്ണന്റെ ജയിൽമുറിയ്ക്ക് പുറത്തിരിക്കണമെന്ന ആവശ്യം വിനീഷ് നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഉണ്ണികൃഷ്ണൻ മുൻപും നിരവധി പ്രാവശ്യം ജയിലിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു.
കുറത്തികാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസ്, നൂറനാട് സ്റ്റേഷനിൽ അനാശാസ്യം, മാവേലിക്കര ജയിലിൽ സഹതടവുകാരനെ മർദ്ദിച്ചകേസ്, ആന്പലപ്പുഴ പോലീസുകാരനെ അക്രമിച്ച കേസ, കായംകുളത്ത് അടിപിടി കേസ്് തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
തിരുവനന്തപുരം സെൻട്രൽ ജിയിലിൽ കഴിഞ്ഞുവന്നിരുന്ന ഇയാളെ മാവേലിക്കര കോടതിയിൽ നടക്കുന്ന വിചാരണയുടെ ഭാഗമായാണ് മാവേലിക്കര സബ്ജയിലിൽ എത്തിച്ചത്. ഇയാളുടെ ഭാര്യ ഓമന(39) മാവേലിക്കരയിലെ വനിതാ ജയിലിലാണ് കഴിയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുൻപ് സഹതടവുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു ഇത് സംബന്ധിച്ച് ഇവർക്കെതിരെ മാവേലിക്കര കോടതിയിൽ കേസ് ഉണ്ടെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
കുറത്തികാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉണ്ണികൃഷ്ണൻ പ്രതിയായ കേസിലാണ് ഓമനയും പ്രതിയായി ജയിലിൽ കഴിയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 17ന് ആഹാരം കൊടുക്കുന്നത് സംബന്ധിച്ച പ്രശ്നത്തിന് ഉണ്ണികൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അപസ്മാരരോഗിയായ ഇയാൾ അതിനായി കൊടുക്കുന്ന മരുന്നുകൾ ശേഖരിച്ച് വച്ച് ഒരുമിച്ചു കഴിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മർദ്ദനത്തിൽ കഴുത്തിന് സാരമായി പരിക്കേറ്റ വിനീഷ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര പോലീസ് കേസെടുത്തു.