പരിയാരം: ചരിത്ര സ്മാരകമായ കണ്ടോന്താര്‍ ജയില്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ജയില്‍ 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പഴമ നിലനിര്‍ത്തിക്കൊണ്ട് പുതുക്കിപണിയുന്നത്. ഒരാഴ്ച്ച മുമ്പാണ് പുനര്‍നിര്‍മാണ ജോലികള്‍ ആരംഭിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.
ജയില്‍ മുറിയുടെ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ കട്ടിളയും തറയും നിലനിര്‍ത്തി ചുമരുകള്‍ മുഴുവനായും പൊളിച്ചു കഴിഞ്ഞു. 21 ന് ആര്‍ക്കിയോളജി വകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ച ശേഷമായിരിക്കും നിർമാണ പ്രവര്‍ത്തനം ആരംഭിക്കുക. പൊളിച്ചു മാറ്റിയ കല്ല് ഉപയോഗിച്ചു തന്നെയാണ് പുനര്‍നിര്‍മാണവും.
150 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടത്തിന്റെ ഓടുകള്‍ നശിക്കാതെ ബാക്കിയുള്ളവ പുതിയ കെട്ടിടത്തിന് പരമാവധി ഉപയോഗിക്കും.ഴയ ബ്രിട്ടീഷ് വാസ്തുവിദ്യാ രീതികള്‍ തന്നെ പിന്തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പഴയകാല ജയിലിന്റെ ഭീകരത അനുഭവിപ്പിക്കുന്ന തരത്തില്‍ തന്നെ കെട്ടിടം സജ്ജീകരിക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് കണ്ടോന്താര്‍ ഇടമന യുപി സ്കൂളില്‍ നല്കിയ സ്വീകരണത്തിനിടയിലാണ് കോണ്‍ഗ്രസ് (എസ്) കല്യാശേരി മണ്ഡലം കമ്മറ്റി പ്രസിഡന്റ് ടി.രാജനും കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കമ്മറ്റിയും, സ്വീകരണ പരിപാടി ഒരുക്കിയ സ്കൂളിന് സമീപത്തെ സബ് രജിസ്ട്രാര്‍ ഓഫീസ് വളപ്പില്‍ നശിച്ചുകൊണ്ടിരിക്കുന്ന കണ്ടോന്താര്‍ ജയില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നല്‍കിയത്.
ഇത് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി സ്വീകരണ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തൃശൂരില്‍ നിന്നും പുരാവസ്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടോന്താര്‍ ജയില്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു.
ജയില്‍ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യം ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഴമ ചോരാതെ ജയില്‍ പുനര്‍നിര്‍മ്മിക്കുന്നത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതോടെ പുനസൃഷ്ടിക്കുന്ന ജയില്‍ കെട്ടിടം കെയര്‍ടേക്കറെ ഏല്‍പ്പിക്കും. നിലവില്‍ ജയിലിന് 22 സെന്റ് സ്ഥലമുണ്ടെങ്കിലും ഇവിടെ രജിസ്ട്രേഷന് വകുപ്പിന്റെ സബ് രജിസ്ട്രാര്‍ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.