സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊലപാതക കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന പ്രതിക്ക് സന്താനോത്പാദനത്തിന് പരോൾ അനുവദിച്ച രാജസ്ഥാൻ ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.
ജയിലിൽ കഴിയുന്ന നന്ദലാൽ എന്ന പ്രതിക്ക് ഭാര്യയെ കാണാനും സന്താനോത്പാദനത്തിനും 15 ദിവസത്തെ പരോൾ അനുവദിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പുർ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ, ഇതോടെ വെട്ടിലായത് രാജസ്ഥാൻ സർക്കാരാണ്. ഹൈക്കോടതി വിധി വാർത്തയായി ജയിലറകളിലേക്ക് എത്തിയതോടെ തടവുകാർക്കൊക്കെ ഉടൻ ഭാര്യയെ കാണാനും മക്കളുണ്ടാകാനുമുള്ള മോഹമുദിച്ചു.
പലരും പരോൾ വേണമെന്ന് ആവശ്യമുന്നയിക്കാൻ തുടങ്ങി. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഹൈക്കോടതി ഉത്തരവിനെതിരേ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
നന്ദലാലിന്റെ പരോൾ റദ്ദാക്കണമെന്നും സംസ്ഥാന ജയിൽ ചട്ടങ്ങളിൽ ദാന്പത്യ സമാഗമത്തിനും സന്താനോത്പാദനത്തിനും വകുപ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്.
എന്നാൽ, ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി, വിഷയം ഹൈക്കോടതിയിൽതന്നെ ഉന്നയിക്കാൻ നിർദേശിച്ചു. കൂടുതൽ തടവുപുള്ളികൾ ഇക്കാര്യം ആവശ്യപ്പെടുന്നതിൽ എതിർപ്പുണ്ടെങ്കിൽ അക്കാര്യം ഹൈക്കോടതിയിൽത്തന്നെ ഉന്നയിക്കാനാണ് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.
കേസിൽ ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭർത്താവ് ജീവപര്യന്തം തടവിൽ ആണെങ്കിലും മക്കളുണ്ടാകാനുള്ള ഭാര്യയുടെ അവകാശം ഹനിക്കപ്പെടരുത് എന്നു ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ ഹൈക്കോടതി നന്ദലാൽ എന്ന തടവുകാരന് 15 ദിവസം പരോൾ കൊടുത്തത്.
ഗർഭധാരണത്തിനും കുട്ടിയെ പ്രസവിച്ചു വളർത്താനുമുള്ള തന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് നന്ദലാലിന്റെ ഭാര്യ കോടതിയെ സമീപിച്ചത്.
രാജസ്ഥാൻ ഹൈക്കോടതിയുടെ ജസ്റ്റീസുമാരായ ഫർസാന്ദ് അലി, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അജ്മീർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നന്ദലാലിന് പരോൾ അനുവദിച്ചത്.
തടവുകാരെ വിട്ടയയ്ക്കുന്നതിനുള്ള രാജസ്ഥാൻ സർക്കാരിന്റെ ചട്ടത്തിൽ, ശിക്ഷയനുഭവിക്കുന്ന പ്രതിക്ക് ഭാര്യയുമായി ബന്ധപ്പെടാൻ പരോൾ അനുവദിക്കാനുള്ള വ്യവസ്ഥയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പക്ഷേ, പ്രതിയുടെ ഭാര്യയുടെ ദാന്പത്യ ജീവിതത്തിനുള്ള അവകാശമാണ് കോടതി കണക്കിലെടുത്തത്. അജ്മീറിലെ ജില്ലാ പരോൾ കമ്മിറ്റി ഇവരുടെ അപേക്ഷയിൽ തീരുമാനമെടുക്കാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
2019ൽ സമാനമായ അപേക്ഷയിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തടവിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചിരുന്നു.