ചെയ്യാത്ത തെറ്റിനു വർഷങ്ങളോളം ജയിലിൽ കഴിഞ്ഞയാൾക്ക് എന്തു കൊടുത്താൽ മതിയാകും? എത്ര കോടികൾ നൽകിയാലും അയാൾ അനുഭവിച്ചതിനു പകരമാവില്ല. ആ നിരപരാധിയിൽനിന്നു തടവിൽ കഴിഞ്ഞതിന് വലിയൊരു തുക ഈടാക്കിയാലോ? അതിലും വലിയ പാതകം മറ്റൊന്നില്ല..!
യുകെയിൽ പക്ഷേ, ഇത് നടപ്പുരീതിയാണ്. അടുത്തിടെയും ഇതുപോലൊരു സംഭവം അവിടെനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെയ്യാത്ത തെറ്റിനു 17 വർഷം ജയിലിൽ കഴിഞ്ഞ ആൻഡ്രൂ മൽകിൻസൺ എന്നയാൾക്കു കിട്ടുന്ന നഷ്ടപരിഹാരത്തുകയിൽനിന്ന് 1,00,000 പൗണ്ട് (1,06,88,639 രൂപ) “ബെഡ് ആൻഡ് ബോർഡ് ഫീസ്’ ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.
2003ൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സാൽഫോർഡിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് ആൻഡ്രൂ മാൽകിൻസണെ ജയിലിലടച്ചത്. എന്നാൽ 17 വർഷത്തിനുശേഷം എല്ലാ കുറ്റങ്ങളിൽനിന്നും ഇയാളെ കോടതി മോചിപ്പിച്ചു. ആൻഡ്രൂസിനു കിട്ടുന്ന നഷ്ടപരിഹാരത്തുകയിൽനിന്നു ജയിൽ കാലയളവിലെ ജീവിതച്ചെലവ് നൽകണമെന്നു ജയിൽ അധികൃതരാണ് ആവശ്യപ്പെട്ടത്.
നഷ്ടപരിഹാരത്തുക എത്രയെന്നു കണക്കാക്കിവരുന്നതേയുള്ളൂ. എന്നാൽ, ഇതു വലിയ വാർത്തയായതോടെ ഈ അനീതി അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്. അങ്ങനെ വന്നാൽ, ആൻഡ്രൂസിനു നഷ്ടപരിഹാരത്തുക പൂർണമായും ലഭിക്കും.