അമരവിള: തിരുവനന്തപുരം ജില്ലാ ജയിലിലെ വാർഡനെ പണിനടന്നുകൊണ്ടിരിക്കുന്ന സ്വന്തം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയും വായിൽ തുണി തിരുകിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആനാവൂർ ആലത്തൂർ തെക്കേക്കുഴിവിള വീട്ടിൽ പരേതനായ ക്രിസ്തുദാസ്-ശോഭ ദമ്പതികളുടെ മകൻ ജോഷിൻ ദാസ് (27) ആണ് മരിച്ചത്.
മൃതദേഹം കണ്ടെത്തിയതിന് രണ്ടു കിലോമീറ്റർ അകലെ വാടക വീട്ടിൽ അമ്മയോടൊപ്പമാണ് ജോഷിൻദാസ് താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഇയാളെ കാണാത്തതിനെ തുടർന്ന് മാതാവും ബന്ധുക്കളും അന്വേഷിച്ചിറങ്ങിയിരുന്നു. പുലർച്ചെ 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ മാരായമുട്ടം പോലീസിൽ വിവരം അറിയിച്ചു.
ദുരൂഹ മരണമായതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാവും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുക. സംഭവത്തെക്കുറിച്ച് മാരായമുട്ടം പോലീസ് കേസ് അന്വേഷണം തുടങ്ങി.