കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം കവര്‍ച്ച നടത്തിയ കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാന് (45) ജയില്‍ചാടി.
കോഴിക്കോട് ജില്ലാ ജയില്‍ കോവിഡ് സെന്ററില്‍നിന്ന് ഇന്നലെ രാത്രി എട്ടോടെയാണ് ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ 17ന് മുക്കം പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്ത പ്രതി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.
കഴിഞ്ഞ ദിവസം ഈ കേസില്‍ മുക്കം പോലീസ് താമരശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. ജയില്‍ ചാടിയ പ്രതിക്കായി സിറ്റി പോലീസ് നഗരം അരിച്ചുപെറുക്കി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്.
കണ്ണൂര്‍ കൂത്തുപറമ്പ് കിണവക്കല്‍ പുതുവച്ചേരിയിലാണ് ഇയാള്‍ ഇപ്പോള്‍ താമസം. റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോ യാത്രക്കിടെ 65 വയസുകാരിയെ ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ജൂലൈ രണ്ടിന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ഓമശേരിയിലെ ഹോട്ടലിലേക്ക് പോകവെ മുത്തേരിയില്നിന്നാണ് വയോധിക ഓട്ടോറിക്ഷയില്‍ കയറിയത്.
ഓട്ടോയില്‍ മര്‍ദ്ദിച്ച് അവശയാക്കി വായില്‍ തുണി തിരുകി തൊട്ടടുത്തുള്ള കാപ്പുമല റബ്ബര്‍ എസ്റ്റേറ്റിലെ വിജനമായ കുറ്റിക്കാച്ചിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും ബാഗ്, ആഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, പണം എന്നിവ കവര്‍ന്നെന്നുമാണ് കേസ്.
അവശയായായ സ്ത്രീ തൊട്ടടുത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.താമരശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ സമാന രീതിയില്‍ കളവ് നടത്തിയതിനെ കുറിച്ച് അന്വേഷിച്ചതാണ് പ്രതിയെ കുടുക്കുന്നതിന് പോലീസിനെ സഹായിച്ചത്. വയോധികയുടെ മൊഴിയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസിന് അന്വേഷണത്തിന് തുണയായി.
മലപ്പുറം, കൊണ്ടോട്ടി, കൊളത്തൂര്‍, മങ്കര, കുന്നംകുളം, വടകര, പാലക്കാട്. കാസര്‍ഗോഡ്, വയനാട്, തലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുജീബ് റഹ്മാന്.